
അഹമ്മദാബാദ്: സഹവർത്തിത്ത്വത്തിന്റെ മനോഹരമായ ഉദാഹരണമായി ഒരു വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് രസകരമായ വീഡിയോ തന്റെ ട്വിറ്റർ പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരെയും കൂസാത്ത കാട്ടിലെ രാജാവായ സിംഹം ഫോസ്റ്റ് വാച്ചറിന്റെ വാക്കുകൾ അനുസരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഗുജറാത്തിലെ ഗിർ വനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് 32 സെക്കൻഡുള്ള വീഡിയോയിലുള്ളത്.
വനത്തിന് നടുക്കായി വഴി മുടക്കി കിടക്കുന്ന സിംഹത്തോട് ഫോറസ്റ്റ് വാച്ചറായ മഹേഷ് സോണ്ട്വാര അപേക്ഷിക്കുന്നതും അതുകേട്ട് സിംഹം എഴുന്നേറ്റ് വഴിമാറി കൊടുക്കുന്നതുമാണ് ദൃശ്യങ്ങളിലുളളത്. ഗുജറാത്തി ഭാഷയിലാണ് വാച്ചർ സിംഹത്തോട് സംസാരിക്കുന്നത്. നേരം ഒത്തിരി വൈകിയെന്നും തനിക്ക് വീട്ടിൽ പോകണമെന്നും അതിനായി ഒരു ദിവസം മുഴുവനിങ്ങനെ കാത്തിരിക്കാൻ വയ്യെന്നുമൊക്കെയാണ് വാച്ചർ പറയുന്നത്. ഇതു കേട്ട് അനുസരണയോടെ സിംഹം എഴുന്നേറ്റ് മാറിപ്പോകുന്നു. അതിന് അയാൾ 'വാവ്... വാവ് " എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അത്രയും നേരം മഹേഷ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിറുത്തിയിട്ടിരുന്നു. ആ വെളിച്ചത്തിലാണ് സിംഹത്തെ കാണാൻ കഴിയുന്നത്. എന്തെങ്കിലും രസകരമോ അപൂർവമോ ആയ അനുഭവങ്ങളോ സംഭവങ്ങളോ ഉണ്ടായാൽ വീഡിയോയിൽ പകർത്തണമെന്ന് മഹേഷിന് ഉന്നതാധികാരികളുടെ നിർദ്ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് താനിത് പകർത്തിയതെന്നും മഹേഷ് പറയുന്നു.