
തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കാൻ തയ്യാറായാൽ അവർ എപ്പോഴും വരാൻ തയ്യാറാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു 'ഫ്ളാഷി"നോട്. എന്നാൽ ലീഗിനെ മുന്നണിയിലേക്ക് എടുക്കുന്നതിനോട് ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികൾക്കൊന്നും താത്പര്യമില്ല. മുസ്ലീം ലീഗിനെ മുന്നണിയിൽ എടുക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷമെന്ന നിഗമനത്തിലാണ് എൽ.ഡി.എഫ് എത്തിച്ചേർന്നത്. അതുകൊണ്ട് തന്നെ മുസ്ലീം ലീഗിനെ മുന്നണിയിലെ ഘടകകക്ഷിയാക്കാൻ എൽ.ഡി.എഫ് ആഗ്രഹിക്കുന്നില്ല. ലീഗിന്റെ ഭാഗത്ത് നിന്ന് അവർക്ക് ഇടതു മുന്നണിയിലേക്ക് വരാൻ ആഗ്രഹമുണ്ട് എന്ന കാര്യം അറിയാം. അതിന് അനുകൂലമായിട്ടുളള പച്ചക്കൊടി എൽ.ഡി.എഫ് ഒരിക്കലും കാട്ടിയിട്ടില്ലെന്നും ആന്റണി രാജു 'ഫ്ളാഷി"നോട് പറഞ്ഞു.
മുസ്ലീം ലീഗ് തീരാൻ പോകുന്നു
കേരള കോൺഗ്രസുകൾ ഭിന്നിച്ച് നിൽക്കുന്നത് കൊണ്ടുതന്നെ നിലനിൽക്കും. ഭിന്നിച്ചില്ലെങ്കിൽ കേരള കോൺഗ്രസ് ഇങ്ങനെ നിലനിൽക്കില്ലായിരുന്നു. കാരണം ഏതെങ്കിലും മുന്നണി തീർന്നുപോയാൽ കേരള കോൺഗ്രസ് തീർന്നുപോയേനെ. ഇതിപ്പോൾ ഏത് മുന്നണി നിലനിന്നാലും കേരള കോൺഗ്രസ് നിലനിൽക്കും. മൂന്നിൽ ഏതെങ്കിലും ഒരു മുന്നണിയാണല്ലോ കേരളത്തിൽ നിലനിൽക്കാൻ പോകുന്നത്. ആ കൂട്ടത്തിൽ കേരള കോൺഗ്രസും നിലനിൽക്കും. തീരാൻ പോകുന്നത് മുസ്ലീം ലീഗാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ ആ മുന്നണി ഇനി കേരളത്തിൽ ഉണ്ടാകില്ല. യു.ഡി.എഫ് ഇല്ലെങ്കിൽ മുസ്ലീം ലീഗ് കാണുമോ? ഏറ്റവും വലിയ ഡാമേജ് ഉണ്ടാകാൻ പോകുന്നത് ആർ.എസ്.പിക്കും ലീഗിനുമൊക്കെയാണ്. അടുത്ത തിരഞ്ഞെടുപ്പ് എൽ.ഡി.എഫിനല്ല യു.ഡി.എഫിനാണ് നിർണായകം. സ്വാഭാവികമായും എൽ.ഡി.എഫ് പ്രതിപക്ഷത്ത് വന്നേക്കാം. എന്നാൽ യു.ഡി.എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ അവരുടെ കഥ കഴിഞ്ഞില്ലേ? തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ അന്നു തന്നെ ആ മുന്നണി പിരിച്ചുവിടേണ്ടി വരും. യു.ഡി.എഫിനാണ് ഈ തിരഞ്ഞെടുപ്പ് നിർണായകമാകുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.ഡി.എഫ് തകരുകയും എൽ.ഡി.എഫും ബി.ജെ.പിയും ശക്തി പ്രാപിക്കുകയും ചെയ്യും.
യഥാർത്ഥ ശത്രു കോൺഗ്രസ്
ഒരു പരിധി വരെ കേരള കോൺഗ്രസിലെ ഭിന്നിപ്പുകളുടെ കാരണം നേതാക്കളുടെ ആർത്തിയെന്ന് പറയാം. കോൺഗ്രസ് പാർട്ടിക്ക് എതിരായി രൂപംകൊണ്ട ഒരു പാർട്ടിയാണ് കേരള കോൺഗ്രസ്. ഉത്തരേന്ത്യൻ ഗോസായിമാരുടെ പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് കേരളത്തോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് പിറവിയെടുത്തത്. കോൺഗ്രസിന് ഒപ്പം നിന്ന് പോകുന്നത് കേരളകോൺഗ്രസിന്റെ വളർച്ചയ്‌ക്ക് ക്ഷീണമാണ്. ഇങ്ങനെയൊരു പാർട്ടി കോൺഗ്രസിന്റെ എതിർ മുന്നണിയിൽ വേണം എപ്പോഴും നിൽക്കേണ്ടത്. കോൺഗ്രസ് എക്കാലത്തും കേരള കോൺഗ്രസിനെ ഭിന്നിപ്പിക്കാൻ മാത്രമേ നോക്കിയിട്ടുളളൂ. കരുണാകരന്റെ കാലം തൊട്ട് തുടങ്ങിയതാണിത്. ഭിന്നിപ്പിച്ച് ഭിന്നിപ്പിച്ച് കേരള കോൺഗ്രസിനെ ചെറുതാക്കി മുതലെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. കേരള കോൺഗ്രസിന്റെ വളർച്ച കേരളത്തിലെ കോൺഗ്രസിനാണ് ദോഷം. കേരള കോൺഗ്രസിന്റെ വളർച്ച അപകടമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് വളരെ ബുദ്ധിപൂർവ്വം കോൺഗ്രസ് ആസൂത്രണം ചെയ്ത് ഈ പാർട്ടിയെ തകർക്കുകയാണ്. അതിന് നേതാക്കന്മാരെ കരുവാക്കും. ഗ്രൂപ്പുണ്ടാക്കാൻ നേതാക്കന്മാരെ പ്രലോഭിപ്പിച്ച് മന്ത്രിസ്ഥാനങ്ങൾ വാഗ്‌ദാനം ചെയ്‌ത് അങ്ങനെയാണ് കേരള കോൺഗ്രസിനെ കോൺഗ്രസ് തകർക്കുന്നത്. കോൺഗ്രസാണ് യഥാർത്ഥ ശത്രുവെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ ഇനിയും പിളർപ്പുണ്ടാകും. ഇനിയും വളർച്ച മുരടിക്കും.
എല്ലാ കേരള കോൺഗ്രസും വരണം
കേരള കോൺഗ്രസ് നിൽക്കേണ്ട യഥാർത്ഥ മുന്നണിയിലാണ് ജനാധിപത്യ കേരള കോൺഗ്രസ് ഇപ്പോൾ നിൽക്കുന്നത്. യു.ഡി.എഫിൽ നിൽക്കുമ്പോൾ ഫ്രാൻസിസ് ജോർജ് പാർലമെന്റ് സീറ്റ് കിട്ടാൻ എൽ.ഡി.എഫുകാരെ കാണാൻ പോയിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് ഫ്രാൻസിസ് ജോർജ് ആയത് ഇടതുമുന്നണിക്കൊപ്പം നിന്നപ്പോൾ മാത്രമാണ്. എൽ.ഡി.എഫ് സീറ്റ് കൊടുത്തപ്പോൾ മാത്രമേ അദ്ദേഹത്തിന് മത്സരിക്കാൻ കഴിഞ്ഞിട്ടുളളൂ. ആ ഫ്രാൻസിസ് ജോർജ് എൽ.ഡി.എഫിനെ ചതിച്ചിട്ടാണ് യു.ഡി.എഫിലേക്ക് പോയത്. ഞങ്ങൾ നിൽക്കുന്ന മുന്നണിയിലേക്ക് എല്ലാ കേരള കോൺഗ്രസുകാരും വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പി.ജെ ജോസഫും ജോസ് കെ മാണിയും ഉൾപ്പടെ അപ്പുറത്ത് നിൽക്കുന്ന എല്ലാ കേരള കോൺഗ്രസുകാരും കേരള കോൺഗ്രസ് ജന്മം കൊണ്ടത് എന്തിനാണെന്ന് ഈ ജന്മദിനത്തിലെങ്കിലും ഓർക്കണം. കോൺഗ്രസിനെ വളർത്തുകയല്ല കേരള കോൺഗ്രസുകാരുടെ ലക്ഷ്യം. കേരള കോൺഗ്രസ് വളരണമെന്നാണ് കേരള കോൺഗ്രസുകാർ ആഗ്രഹിക്കേണ്ടത്.
ഞങ്ങളുടെ നിലപാടിന് അംഗീകാരം
ജോസ് കെ. മാണി വരുന്നുവെന്ന് കരുതി മുന്നണിയിൽ ഞങ്ങളുടെ പ്രഭാവം മങ്ങുമെന്ന് കരുതുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടേതും അവർക്ക് അവരുടേതുമായ പ്രഭാവമുണ്ടാകും. മുന്നണി കൂടുതൽ ശക്തിപ്പെടുകയും യു.ഡി.എഫ് ദുർബലപ്പെടുകയും ചെയ്യുന്നത് ഞങ്ങൾക്ക് നല്ലതാണ്. ഞങ്ങൾ ജോസ് കെ. മാണിക്ക് പിന്നാലെ പോവുകയല്ല. അവർ ഞങ്ങളുടെ പിറകെ വരികയാണ്. അഞ്ച് വർഷം മുമ്പ് ഞങ്ങളെടുത്ത രാഷ്ട്രീയ തീരുമാനം അംഗീകരിക്കാൻ വൈകിയാണെങ്കിലും അവർ തയ്യാറാകുന്നുവെന്നുളളത് ഞങ്ങളുടെ വിജയമാണ്.
ഇടതിൽ ജോസിന്റെ ഭാവി
ജോസ് വരുമ്പോഴാണ് അതൊക്കെ ആലോചിക്കേണ്ടത്. അവർ വരുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. അവർ വരുമെന്ന പ്രഖ്യാപനം ഇതുവരെ നടത്താത്ത സ്ഥിതിക്ക് ഇടതുമുന്നണിയിലെ ഘടകക്ഷിയായി നിൽക്കുന്ന ഒരു പാർട്ടി അഭിപ്രായം പറയുന്നത് ശരിയല്ല. ആദ്യം വരാനുളള തീരുമാനം പ്രഖ്യാപിക്കട്ടെ. അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നിലപാട് പറയും.
കിട്ടേണ്ടത് ഞങ്ങൾക്ക് കിട്ടും
ജനാധിപത്യ കേരള കോൺഗ്രസിന് വരുന്ന തിരഞ്ഞെടുപ്പുകളിൽ കിട്ടേണ്ട പ്രാതിനിദ്ധ്യത്തിൽ ഒരു കോട്ടവും ഉണ്ടാകില്ല. ഞങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം കിട്ടുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കേരള കോൺഗ്രസിൽ വീണ്ടുമൊരു പിളർപ്പിന് സാദ്ധ്യത കാണുന്നില്ല.