modi

മനുഷ്യന്റെ തലച്ചോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേക്കാളും ( എ.ഐ ) മികച്ചതാണെന്ന് ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെസ്പോൺസിബിൾ എ.ഐ ഫോർ സോഷ്യൽ എംപവർമെന്റ് അഥവാ റെയ്സ് ( RAISE 2020 ) എന്ന വെർച്വൽ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഗോളകേന്ദ്രമായി ഇന്ത്യ മാറുന്നമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതിനായി വ്യക്തികളുടെ കൂടുതൽ പങ്കാളിത്തം അനിവാര്യമാണെന്നും എ.ഐയെ പറ്റി പഠനം നടത്തുന്നവർക്ക് വെർച്വൽ ലാബുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറയുന്നു.

എ.ഐയും മറ്റ് സാങ്കേതിക വിദ്യകളും മനുഷ്യന്റെ ബുദ്ധിശക്തിയിൽ നിന്നും ഉത്ഭവിക്കുന്നതാണ്. എ.ഐ സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കത്തക്ക തരത്തിൽ ശരിയായ മാർഗത്തിൽ ഉപയോഗിക്കണം. അൽഗരിതങ്ങളുടെ സുതാര്യതയും ഉത്തരവാദിത്വവുമാണ് എ.ഐയിൽ വിശ്വാസ്യത നേടിയെടുക്കാനുള്ള പ്രധാന മാർഗങ്ങളെന്നും മോദി പറഞ്ഞു. എന്നാൽ എ.ഐയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന കെണികളും മോദി എടുത്തുപറഞ്ഞു.

മനുഷ്യന്റെ സർഗാത്മകതയും വികാരങ്ങളുമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. യന്ത്രങ്ങൾക്കില്ലാത്ത, നമുക്ക് മാത്രമുള്ള സവിശേഷ നേട്ടമാണത്. അതേ സമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആയുധവത്കരണമാക്കി മാറ്റുന്നതിൽ നിന്നും ലോകത്തെ നാം സംരക്ഷിക്കണം. ദുരന്തനിവാരണ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ എ.ഐ പ്രയോജനപ്പെടുത്താം. കാർഷിക മേഖലയിലും എ.ഐയുടെ സാദ്ധ്യത ഏറെ ഗുണകരമാകും. മനുഷ്യരും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഒത്തുചേരുമ്പോൾ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും.

മോദി ഉദ്ഘാടനം ചെയ്ത റെയ്സ് ഉച്ചകോടിയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിൽ ഡേറ്റാ സെന്ററുകൾക്ക് പ്രമുഖ സ്ഥാനമാണെന്ന് മുകേഷ് അംബാനി പറഞ്ഞു. മോദി തുടക്കം കുറിച്ച ഡിജിറ്റൽ ഇന്ത്യയെ പറ്റിയും അംബാനി ഊന്നിപ്പറഞ്ഞിരുന്നു. ലോകത്ത് ഡേറ്റാ ഉപയോഗത്തിന്റെ കാര്യത്തിൽ ഞൊടിയിടെ ഇന്ത്യ മുൻ നിരയിലെത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.