trump-biden

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപിക്കുന്നതിന്റെ മുന്‍കരുതലായി വെർച്വലായി നടത്താൻ തീരുമാനിച്ച അടുത്ത പ്രസിഡൻഷ്യൽ ഡിബേറ്റിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് നോമിനി ജോ ബൈഡനുമായി ഇനി രണ്ട് സംവാദമാണ് ബാക്കിയുള്ളത്. 'ഇല്ല, ഞാന്‍ ഒരു വെര്‍ച്വല്‍ ചര്‍ച്ചയില്‍ എന്റെ സമയം പാഴാക്കില്ല', ട്രംപ് ഫോക്‌സ് ബിസിനസ്സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

മൂന്ന് പ്രസിഡന്‍ഷ്യല്‍ സംവാദങ്ങളില്‍ രണ്ടാമത്തേത് ഒക്ടോബര്‍ 15ന് മിയാമിയിലെ ഫോറം ടൗണ്‍ഹാളിലായിരിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് തീരുമാനം എന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിന് കൊവിഡ് ബാധിച്ചതിന് പിന്നാലെ വൈറ്റ് ഹൗസില്‍ ഒരു ഡസന്‍ ജീവനക്കാര്‍ക്ക് രോഗം ബാധിച്ചിരുന്നു.

അതേസമയം, രോഗബാധ സംബന്ധിച്ച് വിചിത്ര പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. കൊവിഡ് 'ദൈവത്തിന്റെ അനുഗ്രഹ'മാണെന്നായിരുന്നു ട്രംപ് ബുധനാഴ്ച വീഡിയോ പ്രസ്താവനയില്‍ അറിയിച്ചത്. ട്രംപ് ഇപ്പോഴും കൊവിഡ് പോസിറ്റീവാണോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെയാണ് രണ്ട് ദിവസം മുന്‍പ് ട്രംപ് ആശുപത്രി വിട്ടത്. കൊവിഡ് ചികിത്സയ്ക്ക് തനിക്ക് ലഭിച്ച മരുന്ന് എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, ഈ വീഡിയോ സന്ദേശം എന്നാണ് റെക്കോഡ് ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ചൊവ്വാഴ്ചയാണ് വീഡിയോ ചിത്രീകരിച്ചത് എന്ന രീതിയിലായിരുന്നു ട്രംപിന്റെ സംസാരമെങ്കിലും ബുധനാഴ്ച രാവിലെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.