
മുംബയ്: വ്യാജ ടി.ആർ.പി റേറ്റിംഗ് ആരോപണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസിനെതിരെ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് റിപ്പബ്ലിക്ക് ടി.വി. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുംബയ് പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയതാണ് പൊലീസ് നടപടിക്ക് കാരണമെന്നും റിപ്പബ്ലിക്ക് ടി.വി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
റിപ്പബ്ളിക്ക് ടി.വി അടക്കമുള്ള ചില മാദ്ധ്യമങ്ങൾ ടി.ആർ.പി റേറ്റിംഗ് നിയമവിരുദ്ധമായി വർദ്ധിപ്പിക്കുന്നുവെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികെയാണെന്നും മുംബയ് പൊലീസ് അറിയിച്ചിരുന്നു. ടി.ആർ.പി റേറ്റിംഗിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ചാനൽ മേധാവികളെ അറസ്റ്റ് ചെയ്യ്തതായും റിപബ്ലിക്ക് ടി.വിക്ക് നോട്ടീസ് നൽകിയതായും മുംബയ് പൊലീസ് കമ്മീഷണർ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബയ് പൊലീസിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ റിപ്പബ്ലിക്ക് ടി.വി ഒരുങ്ങുന്നത്.
ടി.ആർ.പി വിലയിരുത്തുന്ന ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഡാറ്റ അളക്കുന്നതിനായി മുംബയിൽ രണ്ടായിരത്തിലധികം ബാരോമീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ബാരോമീറ്ററുകൾ ഇൻസ്റ്റാൾ ചെയ്ത സ്ഥലങ്ങൾ എവിടെയാണുള്ളതെന്നത് വളരെ രഹസ്യമാണ്. ബാരോമീറ്ററുകൾ സ്ഥാപിക്കുന്നതിനായി ബാർക് കരാർ ചെയ്തിട്ടുള്ള കമ്പനിയുടെ മുൻ ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് ചില പ്രത്യേക ചാനലുകൾ ഓൺ ചെയ്‌തുവയ്‌ക്കാൻ ആവശ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മുംബയ് പൊലീസ് കമ്മിഷണർ പരം ബിർ സിംഗ് പറഞ്ഞു.
Republic Media Network's Editor-in-Chief Arnab Goswami's statement pic.twitter.com/axhbJZ47eA
— Republic (@republic) October 8, 2020