
പാരീസ് : ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ ഇടംകൈക്കും തോളിനുമേറ്റ പരിക്കിന്റെ വേദന കടിച്ചമർത്തി നിലവിലെ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ സെമിഫൈനലിലെത്തി. സ്പാനിഷ് താരം കരേനോ ബുസ്തയെയാണ് ക്വാർട്ടറിൽ നൊവാക്ക് നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയത്. സ്കോർ : 4-6,6-2,6-3,6-4.
ആദ്യ സെറ്റ് വിട്ടുകാെടുക്കേണ്ടിവന്നതിന് തൊട്ടുപിന്നാലെയാണ് പരിക്കേറ്റത്. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോർട്ടിലിറങ്ങിയ സെർബിയൻ താരം തുടർച്ചയായി മൂന്ന് സെറ്റുകളും നേടി സെമി ബർത്ത് ഉറപ്പിച്ചു.
ഗ്രീക്ക് താരവും അഞ്ചാം സീഡുമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസാണ് സെമിയിൽ നൊവാക്കിന്റെ എതിരാളി. ക്വാർട്ടറിൽ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ റഷ്യയുടെ ആന്ദ്രേ റുബ്‌ലെവിനെ പരാജയപ്പെടുത്തിയാണ് സിറ്റ്‌സിപാസിന്റെ സെമി പ്രവേശനം. സ്‌കോർ: 7-5, 6-2, 6-3.
22-കാരനായ സിറ്റ്‌സിപാസ് കരിയറിലാതാദ്യമായാണ് ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽകളിക്കുന്നത്. സിറ്റ്‌സിപാസിന്റെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം സെമിയാണിത്. കഴിഞ്ഞ വർഷം താരം ആസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിയിലെത്തിയിരുന്നു.
38 നൊവാക്ക് പ്രവേശിക്കുന്ന ഗ്രാൻസ്ളാം സെമിഫൈനലുകളുടെ എണ്ണം.
17 ഗ്രാൻസ്ളാം കിരീടങ്ങൾ നൊവാക്ക് നേടിയിട്ടുണ്ട്.