
അർമേനിയ: അർമേനിയ - അസർബൈജാൻ സംഘർഷം രൂക്ഷമാകുന്നത് മൂലം നകോർണോ - കാരാബാഖ് മേഖലയിലെ പകുതി ജനങ്ങൾ പലായനം ചെയ്തെന്ന് റിപ്പോർട്ട്. സംഘർഷം പരിഹരിക്കാനായി അന്താരാഷ്ട്ര മീഡിയേറ്റർമാർ ജനീവയിൽ ആദ്യ മീറ്റിംഗ് നടത്താനിരിക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്. സംഘർഷം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആവശ്യപ്പെട്ടു. സംഘർഷം മേഖലയാകെ വ്യാപിച്ചേക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ആശങ്ക പ്രകടിപ്പിച്ചു. അസർബൈജാന്റെ ആക്രമണത്തിൽ 40 സൈനികർ കൂടി കൊല്ലപ്പെട്ടതായി നകോർണോ–കാരബാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ട സൈനികർ 280 ആയെന്നും അർമീനിയൻ പിന്തുണയോടെയുള്ള സ്വതന്ത്ര ഭരണകൂടം വ്യക്തമാക്കി. അർമീനിയൻ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി അസർബൈജാൻ അറിയിച്ചു.