photo

കൊല്ലം: കൊല്ലത്തെ ഹാർബറുകൾ അടച്ചതിന് പിന്നാലെ കാെട്ടാരക്കര ചന്തയും അടപ്പിച്ചു, വഴിയോരങ്ങളിൽ മത്സ്യ കച്ചവടം പൊടിപൊടിയ്ക്കുന്നു. മൂന്ന് ദിവസമായി ചന്തയിലെ മത്സ്യ വിൽപ്പന പൂർണമായി നിലച്ചിരിക്കയാണ്. അതേസമയം, വഴിയോര വിൽപ്പനക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചന്ത അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധം രൂക്ഷമാണ്. മറ്റ് ജില്ലകളിൽ നിന്നുള്ള മത്സ്യമാണ് കൊട്ടാരക്കരയിലെ വഴിയോര വിൽപ്പന കേന്ദ്രങ്ങളിൽ വിൽക്കുന്നത്. ഇരുപത്തഞ്ചിൽപ്പരം മത്സ്യ വിൽപ്പനക്കാരും അനുബന്ധ തൊഴിലാളികളും കൊട്ടാരക്കര ചന്തയിലുണ്ട്. മത്സ്യ വിൽപ്പനക്കാർക്കടക്കം കൊവിഡ് ബാധിച്ചപ്പോൾ നേരത്തെ ചന്ത അടച്ചിട്ടിരുന്നു. അന്നത്തെ നഷ്ടത്തിൽ നിന്ന് തൊഴിലാളി കുടുംബങ്ങൾ ഇനിയും കരകയറിയിട്ടില്ല. പലർക്കും വലിയ സാമ്പത്തിക ബാദ്ധ്യതകളുണ്ട്. വീണ്ടും കച്ചവടം തുടങ്ങി പച്ചപിടിച്ചു തുടങ്ങിയപ്പോഴാണ് കൊല്ലത്തെ ഹാർബറുകൾ അടക്കുകയും അതിന്റെ ഭാഗമായി കൊട്ടാരക്കരയിലെ ചന്ത അടപ്പിച്ചതും. ജില്ലയിലെ മറ്റ് പലയിടത്തും ചന്തകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പിന്നെ എന്തിനാണ് കൊട്ടാരക്കര ചന്തയിൽ മാത്രം നിരോധനമെന്നാണ് മത്സ്യ വ്യാപാരികൾ ചോദിക്കുന്നത്. റോഡരികുകളിലും കടമുറികൾ വാടകയ്ക്ക് എടുത്തും മത്സ്യ വിൽപ്പന നടക്കുന്നതിന് യാതൊരുവിധ തടസങ്ങളുമില്ല. ഇരുചക്ര വാഹനങ്ങളിലും മുച്ചക്ര വാഹനങ്ങളിലും ഗ്രാമവഴികളിലൂടെ സഞ്ചരിച്ച് മത്സ്യം വിൽപ്പന നടത്തുന്നവരുമുണ്ട്. കൊട്ടാരക്കര ചന്തയിൽ അടിസ്ഥാന വികസനം തീരെ നടപ്പാക്കിയില്ലെങ്കിലും നൂറുകണക്കിന് ആളുകളാണ് നിത്യവും മത്സ്യം വാങ്ങാനെത്തുന്നത്. ഇവരെല്ലാം ഇപ്പോൾ നിരാശരായി മടങ്ങുകയാണ്. പട്ടണത്തിൽ രണ്ടുതരം നീതിയാണ് നടപ്പാക്കുന്നതെന്നാണ് മത്സ്യ വ്യാപാരികൾ ആക്ഷേപിക്കുന്നത്. ഇനിയും ഈ സ്ഥിതി തുടർന്നാണ് പട്ടിണി സമരം നടത്തേണ്ടി വരുമെന്ന് ചന്തയിലെ മത്സ്യ വിൽപ്പനക്കാർ പറയുന്നു.