
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്റെ മൊഴിയെടുത്ത് വിജിലൻസ്. അഞ്ച് മണിക്കൂറിലേറെയാണ് വിജിലൻസ് സംഘം ജോസിനെ ചോദ്യം ചെയ്തത്. റെഡ് ക്രസന്റ് രണ്ട് സ്ഥാപനങ്ങളുമായി കരാർ ഉണ്ടാക്കിയത് അറിഞ്ഞിരുന്നില്ലെന്നും യൂണിടാക്കിന്റെ പ്ലാൻ വന്ന ശേഷമാണ് ഇക്കാര്യം അറിയുന്നതെന്നും ജോസ് അന്വേഷണ സംഘത്തിന് മുന്നിൽ വ്യക്തമാക്കി.
യു.വി ജോസാണ് റെഡ് ക്രസന്റും ലൈഫ് മിഷനുമായുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നത്. ഇതിനൊപ്പം നിർമാണക്കമ്പനിയായ യൂണിടാക്കുമായുള്ള കത്തിടപാടുകൾ നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യു.വി ജോസിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തത്. ഹാബിറ്റാറ്റിന്റെ പ്ലാനിൽ നിന്നും കുറച്ച് വ്യത്യാസങ്ങൾ മാത്രമാണ് യൂണിടാക്ക് വരുത്തിയതെന്നും ജോസ് തന്റെ മൊഴിയിൽ പറയുന്നു.
ജോസിന്റെ മൊഴിയില്‍ ശിവശങ്കറിനെതിരെയും പരാമർശമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. യൂണിടാക്കിന് സഹായം നൽകാനായി ശിവശങ്കർ പല പ്രാവശ്യം വിളിച്ചുവെന്ന് മൊഴിയിലുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐയും ജോസിനെ ചോദ്യം ചെയ്തിരുന്നു.