sexual-abuse

ന്യൂഡൽഹി : ഛത്തീസ്ഗഢിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തു. മകൾ കൂട്ടബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്തിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പൊലീസ് നടപടിയിൽ മനംനൊന്ത് പെൺകുട്ടിയുടെ പിതാവും ആത്മഹത്യക്ക് ശ്രമിച്ചു. ഛത്തീസ്ഗഢിലെ കോണ്ടഗാവ് ജില്ലയിൽ കഴിഞ്ഞ ജൂലായ് 20നാണ് സംഭവം നടന്നത്. ഗ്രാമത്തിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ 16 കാരിയായ പെൺകുട്ടിയെ ഏഴ് പേർ ചേർന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് ഒഴിഞ്ഞ സ്ഥലത്തെത്തിക്കുകയും പിന്നീട് എത്തിയ അഞ്ചുപേർ കൂടി ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു. പിറ്റേദിവസം സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയ പെൺകുട്ടി അന്ന് തന്നെ ആത്മഹത്യ ചെയ്തു. ഇക്കാര്യം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് സംസ്‌കരിച്ചത്. എന്നാൽ പിന്നീട് പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് സുഹൃത്ത് വഴി കുടുംബാംഗങ്ങൾ അറിയുകയും പരാതി നൽകുകയും ചെയ്യുകയായിരുന്നു. എന്നാൽ, പെൺകുട്ടി ആത്മഹത്യ ചെയ്തതിനാൽ ഇനി കേസെടുക്കാനവില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. മനോവിഷമത്തെത്തുടർന്ന് ചൊവ്വാഴ്ച പെൺകുട്ടിയുടെ പിതാവ് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനം നടന്ന് രണ്ട് മാസത്തിന് ശേഷവും കേസെടുക്കാതിരുന്ന ലോക്കൽ പൊലീസ്‌ നടപടിയെടുത്തത്. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി പുറത്തെടുത്തു എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ പീഡനവിവരം അറിയിച്ചിരുന്നില്ലെന്ന് ബസ്തർ റേജ് ഐ. ജി സുന്ദരരാജ് പറഞ്ഞു.പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികളെ അറസ്റ്റു ചെയ്തായും ഐ.ജി അറിയിച്ചു. രണ്ട് പ്രതികൾ ഒളിവിലാണ്.സംഭവത്തിൽ നിഷ്‌ക്രിയത്വം കാണിച്ച ലോക്കൽ പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ കോണ്ടഗാവ് എസ്.പിക്ക് കത്ത് നൽകിയിട്ടുണ്ട്.