pakistan

ഇസ്‌ലാമാബാദ് : പാകിസ്ഥാനിൽ ഭക്ഷ്യവസ്തുക്കളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. 40 കിലോ അരിയുടെ വില 2400 രൂപയിലേക്കെത്തി നിൽക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഗോതമ്പിന്റെ വില കിലോയ്ക്ക് 60 രൂപയായി. വിലക്കയറ്റം രൂക്ഷമായതോടെ ഗോതമ്പുൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾക്ക് പാക് മാർക്കറ്റിൽ പ്രതിസന്ധി നേരിടുകയാണ്.

രാജ്യത്തെ പണപ്പെരുപ്പം ഓഗസ്റ്റിലെ 8.2 ശതമാനത്തിൽ നിന്നും സെപ്റ്റംബറിൽ 9 ശതമാനമായെന്നും കാട്ടി കഴിഞ്ഞാഴ്ചയാണ് പാകിസ്ഥാൻ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പുറത്തുവിട്ടത്. ലോകം കൊവിഡ് 19 പ്രതിസന്ധിയിൽ പകച്ചു നിൽക്കുന്നതിനിടെ പാകിസ്ഥാനിൽ 94 ജീവൻരക്ഷാ മരുന്നുകളുടെ വിലയാണ് കൂട്ടിയത്.

പണപ്പെരുപ്പം നിയന്ത്രിക്കുക, കൊവിഡിനിടെ ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടകയും സാധാരണക്കാർക്ക് അവശ്യ വസ്തുക്കൾ ലഭിക്കാതെ വരികെയും ചെയ്യുക, ഗോതമ്പും പഞ്ചസാരയും പൂഴ്ത്തിവയ്ക്കൽ, മരുന്നുകളുടെ വിലവർദ്ധന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളെ സഹായിക്കുന്നതിൽ നിരന്തരം പരാജയപ്പെടുന്ന ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്‌റീക് ഇൻസാഫ് ( പി.ടി.ഐ ) പാർട്ടിയും പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യയെ ലക്ഷ്യമിടുന്നതിന്റെ തിരക്കിലാണ്.

വിലക്കറ്റത്തെയും രാജ്യത്തെ പ്രതിസന്ധിയേയും പറ്റിയുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാക് മന്ത്രി ഷിബ്‌ലി ഫറാസ് അവിടെയും ഇന്ത്യയെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ഫോഴ്സിന്റെ കരിമ്പട്ടികയിൽ പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നാണ് ഫറാസ് പറയുന്നത്. രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക തകർച്ചയും സൃഷ്ടിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നുമാണ് വിലക്കയറ്റത്തിന്റെ മറുപടിയായി മന്ത്രി നൽകിയ ഉത്തരം. !