hathras

ലക്‌നൗ: താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നും ആരോപിച്ചുകൊണ്ട് ഉത്തർപ്രദേശ് പൊലീസിന് കത്തയച്ച് കേസിലെ ഹാഥ്‌രസ് കൂട്ടബലാത്‌സംഗ കേസിലെ പ്രതി സന്ദീപ് സിംഗ്. താനും കൊല്ലപ്പെട്ട പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നുവെന്നും താനുമായുള്ള സൗഹൃദം കാരണം പെൺകുട്ടിയുടെ അമ്മയും സഹോദരനും അവളെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നും ഇയാൾ പറയുന്നുണ്ട്.

മർദ്ദനത്തിന്റെ കാര്യം ഗ്രാമവാസികൾ പറഞ്ഞാണ് താൻ അറിയുന്നതെന്നും സന്ദീപ് പറയുന്നു. താനും പെൺകുട്ടിയെ മർദ്ദിക്കുകയോ അവളോട് മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. പെൺകുട്ടിയുടെ അമ്മയും സഹോദരനും കള്ളം പറഞ്ഞുകൊണ്ടാണ് തങ്ങളെ കേസിൽ പെടുത്തിയതെന്നും കേസില്‍ കൃത്യമായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെടുന്നു.

'കൂടിക്കാഴ്ച നടത്തുന്നതിനു പുറമെ ഇടയ്ക്ക് ഫോണിലൂടെയും പെൺകുട്ടിയുമായി സംസാരിക്കാറുണ്ടായിരുന്നു. അവളുടെ കുടുംബത്തിന് ഈ സൗഹൃദം ഇഷ്ടമായിരുന്നില്ല. സംഭവം നടന്ന ദിവസം താന്‍ പെണ്‍കുട്ടിയെ കാണുന്നതിനായി പാടത്തേക്ക് പോയിരുന്നു. അവിടെ അവളുടെ അമ്മയും സഹോദരനും ഉണ്ടായിരുന്നു. വീട്ടില്‍ പോകണമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞശേഷം ഞാനും തിരികെപോയി കന്നുകാലികളെ മേയ്ക്കാന്‍ തുടങ്ങി.' -സന്ദീപ് പറയുന്നു.

എന്നാൽ പ്രതിയുടെ ആരോപണങ്ങള്‍ പെണ്‍കുട്ടിയുടെ പിതാവ് നിഷേധിച്ചിട്ടുണ്ട്. തനിക്ക് തന്റെ മകളെയാണ്നഷ്ടമായതെന്നും ഇപ്പോൾ അവർ(പ്രതികൾ) തങ്ങളുടെ കുടുംബത്തിന് അപമാനം വരുത്താനാണ് ശ്രമിക്കുന്നതെന്നും പിതാവ് പറയുന്നു. തനിക്ക് പേടിയില്ല. ആരോപണങ്ങള്‍ മുഴുവനും വ്യാജമാണ്. ഞങ്ങള്‍ക്ക് നഷ്ടപരിഹാരമോ പണമോ ആവശ്യമില്ല. നീതിയാണു വേണ്ടത്. അദ്ദേഹം പറഞ്ഞു.

പ്രതികളില്‍ ഒരാളെ ഇരയുടെ കുടുംബത്തിന് അറിയാമെന്ന് യു.പി പൊലീസ് അവകാശവാദത്തിന് പിന്നാലെയാണ് സന്ദീപിന്റെ ഈ കത്ത് വാർത്താമാദ്ധ്യമങ്ങൾക്ക് ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള നമ്പരിൽ നിന്നും പ്സന്ദീപിന്റെ നമ്പരിലേക്കും തിരിച്ചും കോളുകൾ വരാറുണ്ടായിരുന്നു എന്ന് ഫോൺ രേഖകൾ കാട്ടി യു.പി പൊലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ 104 ഓളം ഫോണ്‍ കോളുകളാണ് ഈ രണ്ടു നമ്പരുകളും തമ്മില്‍ നടത്തിയിരുന്നതെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു.