ipl-punjab

ദുബായ് : സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐ.പി.എൽ മത്സരത്തിലും പഞ്ചാബ് കിംഗ്സ് ഇലവൻ തോറ്റു. ഈ സീസണിലെ പഞ്ചാബിന്റെ അഞ്ചാം തോൽവിയാണിത്. ഇതോടെ പകുതി മത്സരങ്ങൾ പിന്നിടുന്നതിന് മുമ്പുതന്നെ പ്രീതി സിന്റയുടെ ടീമിന്റെ പ്ലേഓഫ് സാദ്ധ്യതകൾ തുലാസിലായി.

ഇന്നലെ ജയിക്കാൻ 202 റൺസ് വേണ്ടിയിരുന്ന പഞ്ചാബ് ചേസിംഗിൽ ദാരുണമായി തകർന്നടിയുകയായിരുന്നു. 16.5 ഒാവറിൽ 132 റൺസിന് ആൾഔട്ടായ പഞ്ചാബ് 69 റൺസിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.

ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങി ആദ്യ 15 ഓവറിൽ വിക്കറ്റൊന്നും പോകാതെ 160 റൺസടിച്ചിരുന്ന സൺറൈസേഴ്സിനെ അവസാന അഞ്ചോവറുകളിൽ ആറുവിക്കറ്റ് വീഴ്ത്തി പഞ്ചാബ് 201ൽ ഒതുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിൽ നിക്കോളാസ് പുരാന്റെ (37 പന്തുകളിൽ അഞ്ചുഫോറും ഏഴ് സിക്സുമടക്കം 77 റൺസ് ) ചെറുത്തുനിൽപ്പൊഴിച്ചാൽ പഞ്ചാബ് ദാരുണമായി തകരുകയായിരുന്നു.കെ.എൽ രാഹുൽ (11), സിമ്രാൻ സിംഗ് (11), മായാങ്ക് അഗർവാൾ (9),മാക്‌സ്‌വെൽ(7), മൻദീപ് സിംഗ് എന്നിവർ തീർത്തും നിരാശപ്പെടുത്തി.സൺറൈസേഴ്സിന് വേണ്ടി റാഷിദ് ഖാൻ മൂന്ന് വിക്കറ്റും നടരാജൻ,ഖലീൽ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഓപ്പണിംഗിൽ വാർണറും ബെയർസ്റ്റോയും കൂട്ടിച്ചേർത്തത് 91 പന്തുകളി​ൽ 160 റൺസ്

ബെയർ സ്റ്റോ 55 പന്തുകളിൽ നേടിയത് 97 റൺസ്. പറത്തിയത് ഏഴുഫോറും ആറു സിക്സും.

40 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സുമടക്കം വാർണർ നേടിയത് 52 റൺസ്.

16-ാം ഒാവറിൽ നാലുപന്തുകൾക്കിടയിൽ ഇരുവരെയും പുറത്താക്കിയത് രവി ബിഷ്ണോയ്.

അടുത്ത ഒാവറിൽ മനീഷ് പാണ്ഡെയെ (1)ആർഷ്ദീപ് സ്വന്തം ബൗളിംഗിൽ പിടികൂടി.

18-ാം ഒാവറിൽ രവി ബിഷ്ണോയ് അബ്ദുൽ സമദിനെയും പുറത്താക്കി.

19-ാം ഓവറിൽ പ്രിയം ഗാർഗിനെ ആർഷ്ദീപ് പുരാന്റെ കയ്യിലെത്തിച്ചു.

അവസാന ഓവറിൽ അഭിഷേക് ശർമ്മയും (12) പുറത്തായി. ഷമിക്കായിരുന്നു വിക്കറ്റ്.