
നിങ്ങള്‍ക്ക് ഇഡ്ഡലി ഇഷ്ടമാണോ? ദോശയോ? ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സമൂഹ മാദ്ധ്യമങ്ങളില്‍ ഇത്തരം ഭക്ഷണങ്ങളെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കണം. ഇഷ്ടം അല്ല എന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍ ഒരു പക്ഷെ ഇഡ്ഡലി, ദോശ ഫാന്‍സിന്റെ സൈബര്‍ ആക്രമണം പ്രതീക്ഷിക്കാം.
നോര്‍ത്തുംബ്രിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയ എഡ്വേഡ് ആന്‍ഡേഴ്‌സണ്‍ ഇപ്പോള്‍ ഇഡ്ഡലിയെ പറ്റി പറഞ്ഞ അഭിപ്രായം കാരണം പുലിവാല് പിടിച്ചതുപോലെയാണ്. ഫുഡ് ഡെലിവറി ആപ്പ് ആയ സോമാറ്റോയുടെ ഒരു ചോദ്യമാണ് തുടക്കം. ''ജനങ്ങള്‍ എന്തിനാണ് ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും മനസിലാക്കാന്‍ കഴിയാത്ത ഒരു വിഭവം ഏതാണ്' എന്ന് സോമാറ്റോ ട്വീറ്റ് ചെയ്തു. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളായ ചോലെ ബട്ടൂരെ, രാജ്മ ചാവല്‍ എന്നി ഉത്തരങ്ങളോടൊപ്പം ബിരിയാണി, മോമോ എന്നൊക്കെ ഉത്തരങ്ങള്‍ എത്തി.
കൂട്ടത്തില്‍ എഡ്വേഡ് ആന്‍ഡേഴ്‌സണ്‍ കുറിച്ചത് 'ലോകത്തിലെ ഏറ്റവും വിരസമായ ഫുഡാണ് ഇഡ്ഡലി' എന്നാണ്. ഇതോടെ ഇഡ്ഡലി ആരാധകര്‍ എഡ്വേഡ് ആന്‍ഡേഴ്സന്റെ ട്വിറ്റര്‍ പേജില്‍ പൊങ്കാല ആരംഭിച്ചു. ഒടുവില്‍ വിശദീകരണവുമായി ആന്‍ഡേഴ്‌സണ്‍ എത്തി. തനിക്ക് ദോശയും അപ്പവും അടക്കം പല ദക്ഷിണേന്ത്യന്‍ വിഭവങ്ങളും ഇഷ്ടം ആണെന്നും ഇഡ്ഡലി (ഒരു പരിധി വരെ പുട്ടും) ആണ് ദുസ്സഹം എന്നും മറ്റൊരു ട്വീറ്റില്‍ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. പക്ഷെ എന്നിട്ടും ഇഡ്ഡലി ആരാധകരുടെ പൊങ്കാലയ്ക്ക് കുറവില്ല.
കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും ചെറിയ രീതിയില്‍ വിമര്‍ശനവുമായെത്തി. 'ഇഡ്ഡലിയുടെ സ്വാദ് മനസിലാക്കുക, ക്രിക്കറ്റ് ആസ്വദിക്കുക, ഓട്ടന്‍തുള്ളല്‍ കാണുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല', തരൂര്‍ കുറിച്ചു.
Idli are the most boring things in the world. https://t.co/2RgHm6zpm4— Edward Anderson (@edanderson101) October 6, 2020