
സ്റ്റോക്ക്ഹോം:സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ നോബൽ സമ്മാനം നേടിയ അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ളൂക്കിന്റെ പ്രതിഭ ഏറ്റവും കൂടുതൽ തിളങ്ങിയത് 1992ൽ പ്രസിദ്ധീകരിച്ച 'ദ വൈൽഡ് ഐറിസ്' എന്ന കവിതാ സമാഹാരത്തിലൂടെയാണ്.
അതിലെ സ്നോ ഡ്രോപ്‌സ് (ഹിമകണങ്ങൾ ) എന്ന കവിത നിരൂപക പ്രശംസയും ജനപ്രീതിയും നേടി. ജീവന്റെ തുടിപ്പുകളെല്ലാം മരവിക്കുന്ന ഒരു മഹാശൈത്യത്തിന് ശേഷം ആ ഹരിതസ്പന്ദനങ്ങൾ ഒരൽഭുതം പോലെ തിരിച്ചു വരുന്നു. പൂന്തോട്ടത്തിലെ പൂക്കൾ തോട്ടക്കാരനോടും ഒരു ദേവതയോടും ജീവിതത്തെ പറ്റി നടത്തുന്ന സംഭാഷണമാണതിൽ. കവിതയുടെ മഹത്തായ സൗന്ദര്യം എന്ന് വാഴ്‌ത്തപ്പെട്ട ഈ കവിതയാണ് 1993ൽ പുലിറ്റ്സർ സമ്മാനം നേടിയത്.അമേരിക്കൻ കവികളിൽ ലൂയിസിനെ മുൻനിരയിൽ പ്രതിഷ്‌ഠിച്ചതും ഈ കവിതയാണ്.
2011 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണത്തോട് പ്രതികരിച്ച് 2014ൽ രചിച്ച ഒക്‌ടോബർ എന്ന നീണ്ട കവിത അവരുടെ ഏറ്റവും പ്രധാന സൃഷ്‌ടികളിലൊന്നാണ്. ആറ് ഭാഗങ്ങളുള്ള കവിത പുരാതന ഗ്രീക്ക് മിത്തുകളെ കൂട്ടു പിടിച്ച്, മനുഷ്യന്റെ കൊടും ദുരിതങ്ങളും ആഘാതങ്ങളും വരച്ചിടുകയാണ്. ഈ കവിതയുടെ പേരിൽ യേൽസ് സവകലാശാല റെസിഡന്റ് റൈറ്റർ അവാർഡ് നൽകി ആദരിച്ചു.
. അവേർനോ, എ വില്ലേജ് ലൈഫ്, ഫെയിത്ഫുൾ ആൻഡ് വെർച്വസ് നൈറ്റ്, അര നൂറ്റാണ്ടിലെ സ്വന്തം കവിതകൾ സമാഹരിച്ച പോയംസ് - 1962 . 2012 തുടങ്ങിയവയാണ് പ്രധാന കൃതികൾ.പന്ത്രണ്ട് കവിതാസമാഹാരങ്ങളും കവിതയെ പറ്റിയുള്ള ലേഖനങ്ങളുടെ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.