uae-covid-cases

ദുബായ്: യു.എ.ഇയില്‍ വീണ്ടും ആയിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് യു.എ.ഇയില്‍ 1,089 പേര്‍ക്കാണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് 1769 രോഗമുക്തി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കണക്കുകള്‍ വന്നതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,02,929 ആയിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,000 പരിശോധനകളാണ് നടത്തിയത്. ഇന്ന് രണ്ട് കൊവിഡ് മരണങ്ങളും യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 438 ആയി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 93,479 ആയിരിക്കുകയാണ്. നിലവില്‍ 9,012 സജീവ കേസുകളാണ് യു.എ.ഇയിലുള്ളത്.

കഴിഞ്ഞദിവസം, തങ്ങളുടെ ജനസംഖ്യയേക്കാള്‍ അധികം കൊവിഡ് പരിശോധന നടത്തി എന്ന പ്രത്യേകത യു.എ.ഇക്ക് സ്വന്തമായിരുന്നു. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ്. അബുദാബിയില്‍ ഇന്ന് 1,252 പിഴ ശിക്ഷകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഇത്രയധികം ശിക്ഷാവിധികള്‍ തീരുമാനിച്ചിരിക്കുന്നത്.


ഭരണകൂടം പറഞ്ഞിരിക്കുന്ന പരമാവധി പരിധിക്കപ്പുറം ഒത്തുചേരലുകള്‍, പാര്‍ട്ടികള്‍, സ്വകാര്യ, പൊതു സ്ഥലങ്ങളിലെ യോഗങ്ങള്‍, മറ്റ് തരത്തിലുള്ള ആഘോഷങ്ങള്‍ എന്നിവയും ശാരീരിക അകലം പാലിക്കാതിരിക്കുന്നതും ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പിഴ ശിക്ഷ നല്‍കുന്നത്.