
ന്യൂഡൽഹി :ഇന്ത്യൻ മാദ്ധ്യമങ്ങളോട് ഒരു ചെെനയെന്ന തങ്ങളുടെ നയം സ്വീകരിക്കാൻ ആവശ്യപ്പെട്ട് കത്തു നൽകിയ ചെെനയ്ക്ക് ചുട്ടമറുപടിയുമായി തായ്‌വാൻ. കടന്നു പോകൂ എന്നായിരുന്നു ചൈനയുടെ പ്രസ്താവനയ്ക്ക് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടി.
"മാദ്ധ്യമ സ്വാതന്ത്ര്യവും, സ്‌നേഹമാർന്ന മനുഷ്യരുമുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ത്യയാണ്. എന്നാൽ സെൻസർഷിപ്പ് ഏർപ്പെടുത്തി ചൈന ഇന്ത്യയുടെ കാര്യത്തിൽ ഇടപെടാൻ ശ്രമിക്കുന്നു. തായ്‌വാനിലെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് ഒന്നേ പറയാനുള്ളു കടന്നു പോകുക." തായ്‌വാൻ വിദേശകാര്യമന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
ഒക്ടോബർ 10 ന് തായ്‌വാന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരു ഇന്ത്യൻ ചാനൽ സംഘടിപ്പിക്കാൻ ഒരുങ്ങുന്ന പരിപാടിയുടെ പരസ്യം അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്നു. തുടർന്ന് ഇന്ത്യയിലെ ചൈനീസ് ഹൈക്കമ്മീഷൻ ഇന്ത്യൻ മാദ്ധ്യമങ്ങളോട് ഒരു ചെെനയെന്ന നയം പിന്തുടരണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു.
തായ്‌വാനെ രാജ്യമെന്ന് അഭിസംബോധന ചെയ്യരുതെന്നാണ് കത്തിൽ ചൈനയുടെ നിർദ്ദേശം.ലോകത്ത് ഒരു ചൈന മാത്രമേയുള്ളു എന്ന കാര്യം ഇന്ത്യൻ മാദ്ധ്യമങ്ങളെ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. തായ്‌വാൻ ചൈനയുടെ അവിഭാജ്യമായ ഘടകമാണ്. എല്ലാ രാജ്യങ്ങൾക്കും ചൈനയുമായി നയതന്ത്ര ബന്ധമുണ്ട്.കാരണം അവരെല്ലാം തന്നെ തങ്ങളുടെ ഒരു ചൈന നയത്തെ ആദരിക്കുന്നുവെന്നും കത്തിൽ ചൈനീസ് ഹൈക്കമ്മീഷൻ അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് ചൈനയ്ക്ക് തക്ക മറുപടിയുമായി തായ്‌വാൻ രംഗത്തുവന്നത്.