
അഗർത്തല: 80 ശതമാനം വീടുകളിലും സ്വാമി വിവേകാനന്ദന്റെ ചിത്രവും അദ്ദേഹത്തിന്റെ സന്ദേശങ്ങളും തൂക്കിയിട്ടാൽ വരുന്ന 30–35 വർഷങ്ങൾ കൂടി ബി.ജെ.പിക്ക് ഭരണം നിലനിറുത്താനാകുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഇതിനായി സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്വാമി വിവേകാനന്ദന്റെ ചിത്രം വിതരണം ചെയ്യാൻ മഹിളാ മോർച്ച പ്രവർത്തകരെ ചുമതലപ്പെടുത്തി. ചിത്രങ്ങളും സന്ദേശവും വീടുകളിൽ സ്ഥാപിച്ചെന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘നമ്മുടെ ഗ്രാമങ്ങളിലെ വീടുകളിൽ കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ കാണാം. ജ്യോതി ബസു, ജോസഫ് സ്റ്റാലിൻ, മാവോ എന്നിവരുടെ ചിത്രങ്ങൾ കാണാം. എന്നാൽ നമ്മുടെ വീടുകളിൽ സ്വാമി വിവേകാനന്ദന്റെ ചിത്രം തൂക്കാൻ സാധിച്ചിട്ടുണ്ടോ? നമ്മുടെ പാർട്ടി മൂല്യങ്ങളും പ്രത്യയശാസ്ത്രവും കാത്തുസൂക്ഷിക്കണം. ഒരു 80 ശതമാനം വീടുകളിൽ സ്വാമി വിവേകാനന്ദന്റെ ചിത്രം തൂക്കിയാൽ 30–35 വർഷക്കാലം ബി.ജെ.പി ഇവിടെ ഭരിക്കും’ അഗർത്തലയിൽ സംഘടിപ്പിച്ച മഹിളാ മോർച്ചയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിപ്ലബ്.