pic

കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് കണക്കിൽപെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് സംഘം പിടിച്ചെടുത്തു. ഇടപ്പളളി അഞ്ചുമനയിലുള്ള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്നാണ് അധികൃതർ പണം കണ്ടെത്തിയത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തുമ്പോൾ പി.ടി തോമസ് എം.എൽ.എ ഈ വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. പരിശോധനയക്ക് ഉദ്യോഗസ്ഥരെത്തിയതോടെ എം.എൽ.എ തിരികെ പോവുകയും ചെയ്തു.

രാജീവിൽ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണൻ എന്നയാളും സംഭവം നടക്കുമ്പോൾ ഈ വീട്ടിലുണ്ടായിരുന്നു. കണക്കിൽപെടാത്ത പണം ഇയാൾ കൊണ്ടുവന്നതാണെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. എന്നാൽ ഈ ഇടപാടിൽ എം.എൽ.എയുടെ പങ്ക് വ്യക്തമല്ല. ഇത് പരിശോധിക്കുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, രാധാകൃഷ്ണന് ഭൂമിത്തർക്കം ഉണ്ടായിരുന്നെന്നും ഇത് പരിഹരിക്കാനാണ് എം.എൽ.എ എത്തിയതെന്നുമാണ് സ്ഥലമുടമയായ രാജീവന്‍റെ വിശദീകരണം.

സംഭവത്തിൽ എം.എൽ.എയുടെ പ്രതികരണം തേടിയെങ്കിലും ഇപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു പി.ടി തോമസിന്റെ മറുപടി.