
മലപ്പുറം: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതായി പരാതി. അദ്ദേഹം സഞ്ചരിച്ച കാറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ മലപ്പുറം രണ്ടത്താണിയിലാണ് അപകടമുണ്ടായത്.
അപകടം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും, കാറിന് പിന്നിൽ രണ്ട് തവണ ലോറിയിടിച്ചെന്നും അബ്ദുള്ളക്കുട്ടിപറഞ്ഞു. ഒരു ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ രണ്ട് പേർ മനപ്പൂർവം പ്രശ്നമുണ്ടാക്കാനായി എത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 'ലോറി ഡ്രൈവർ ഉറങ്ങിപോയെന്നാണ് പറഞ്ഞത്. എന്നാലിത് സംശയാസ്പദമാണ്. അന്വേഷണം വേണം'-അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
അപകടത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ന് ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കും. ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.