surabi-lakshmi

സഹോദരിയുടെ വീട്ടിൽ ഭക്ഷണവുമായെത്തിയ 'ഫുഡ് ഡെലിവറി ബോയ്'ക്ക് നടി സുരഭി ലക്ഷ്മിയുടെ സർപ്രൈസ്. കൈനിറയെ സമ്മാനങ്ങളാണ് സുരഭി യുവാവിന് കൊടുത്തത്. തന്റെ ഹൃസ്വചിത്രമായ 'ഫുഡ് പാത്ത്' വിജയിച്ചതിന് പിന്നാലെയാണ് നടി 'ഡെലിവറി ബോയ്‌'ക്ക് സർപ്രൈസ് നൽകിയത്.

ഭക്ഷണം ഓർഡർ ചെയ്യുന്നതിനു മുൻപുതന്നെ സുരഭി പന്ത്രണ്ടു പേപ്പർ കപ്പുകൾക്കുള്ളിലായി 12 തരം സമ്മാനങ്ങളെഴുതിയ കടലാസുകൾ സൂക്ഷിച്ചിരുന്നു. ഭക്ഷണവുമായെത്തിയ വടകര സ്വദേശിയായ കെ.സമീറിനാണ് സമ്മാനങ്ങൾ ലഭിച്ചത്. എറണാകുളത്തെ ഏവിയേഷൻ വിദ്യാർഥിയാണ് സമീർ. യുവാവിന് വിദ്യാഭ്യാസ വായ്പയുണ്ട്. അത് തിരിച്ചടയ്ക്കാനാണ് ഒഴിവുസമയത്ത് ജോലി ചെയ്യുന്നത്.


സ്വന്തം മകൻ വിശന്നിരിക്കുമ്പോഴും ഒരു പണക്കാരന്റെ കുട്ടിക്ക് ഭക്ഷണമെത്തിക്കാൻ ഓടിയെത്തുകയും, സമയം വൈകിയതിന്റെ പേരിൽ വഴക്ക് കേൾക്കുകയും ചെയ്യുന്ന ഡെലിവറി ജീവനക്കാരുടെ കഥയാണ് 'ഫുഡ് പാത്തിൽ' പറയുന്നത്. നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.