
ഇന്ത്യൻ  സിനിമയിൽ  ഒരേയൊരു ബച്ചനേയുള്ളു. നാളെ 78-ാം പിറന്നാൾ ആഘോഷിക്കുന്ന
അതുല്യനായ, അജയ്യനായ അമിതാഭ് ബച്ചൻ
ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവ വേദി 2019. കൺമുന്നിൽ ഇന്ത്യൻ സിനിമയുടെ രണ്ട് ഇതിഹാസ താരങ്ങൾ.അമിതാഭ് ബച്ചനും രജനീകാന്ത ും. ഗോൾഡൻ ജൂബിലി ഐക്കൺ അവാർഡ് ബച്ചനിൽ നിന്ന് സ്വീകരിച്ച്  രജനീകാന്ത്  പറഞ്ഞു.'എന്നും എന്റെ പ്രചോദനം.എന്റെ ജീവിതത്തിലെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിന്നയാൾ .ഞാൻ എന്നും ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു.ആ കടം വീട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.അത് എന്നും അങ്ങനെതന്നെ തുടരട്ടെ..." അമിതാഭ് ബച്ചനോടുള്ള ആദരം നിറഞ്ഞ വാക്കുകൾ. രജനീകാന്തിന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ എത്ര കാലഘട്ടങ്ങളിലെ അഭിനേതാക്കൾക്ക് നിത്യ പ്രചോദനമാണ് അമിതാഭ് ബച്ചൻ. ഇന്ത്യൻ സിനിമകണ്ട എക്കാലത്തേയും രോഷാകുലനായ നായകന് നാളെ ഒക്ടോബർ 11 ന് 78 ന്റെ ചെറുപ്പം .ബച്ചന്റെ പിറന്നാളാണ് നാളെ.
ആംഗ്രി യംഗ് മാൻ എന്ന വിശേഷണത്തോടെ ബോളീവുഡിന്റെയും അതിലൂടെ ഇന്ത്യൻ ചലച്ചിത്രലോകത്തിന്റെയും ആവേശമായി കടന്നുവന്ന ബച്ചനിലെ സൂപ്പർതാരത്തേയാണ് ആ കാലഘട്ടം കണ്ടത് .എന്നാൽ ബച്ചനിലെ അതുല്യ നടനെ ആ അഭിനയ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലാണ് കാണാനായത്.പാമ്പ് പടം പൊഴിക്കുന്നതുപോലെ പുതിയൊരു അമിതാഭ് ബച്ചൻ.തന്റെ പ്രായത്തിനിണങ്ങിയ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ മറ്റുളള നടൻമാർക്ക് കൂടി മാതൃകയാണ്.
പടുവൃദ്ധനായി 
ബച്ചൻ
ബച്ചന്റേതായി ഏറ്റവുമൊടുവിൽ ഒ.ടി.ടിയിലൂടെ റിലീസ് ചെയ്ത ഷൂജിത് സർക്കാരിന്റെ ഗുലാബോ സിതാബോയിൽ അദ്ദേഹം അവതരിപ്പിച്ച പടുവൃദ്ധൻ ചുന്നൻ മിർസ അതിശയിപ്പിക്കുന്നതായിരുന്നു. ബോളീവുഡിലെ പുതിയ ഹരമായ ആയുഷ്മാൻ ഖുരാനയുമൊത്തായിരുന്നു അതിൽ ബച്ചന്റെ അഭിനയം.വാർദ്ധക്യത്തിന്റെ എല്ലാ അവശതയോടുംകൂടി ഒടിഞ്ഞുമടങ്ങി നടക്കുന്ന മിർസയെ ആ ചിത്രംകണ്ട പ്രേക്ഷകർ മറക്കില്ല.ബ്ളാക്ക് ,സർക്കാർ പികു, പിങ്ക്, തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങളെ ബച്ചൻ മികവുറ്റതാക്കി.ദേശീയ അവാർഡുകൾ വാരിക്കൂട്ടി.
ഡബ്ബ് ചെയ്ത് തുടക്കം
1969 ൽ മൃണാൾസെന്നിന്റെ ഭൂവൻഷോമിൽ ഡബ്ബ് ചെയ്ത് സിനിമയിലേക്ക് ചുവടുവച്ച ബച്ചന്റെ ആദ്യ ചിത്രം നമ്മുടെ മധു നായകനായി അഭിനയിച്ച കെ.എ.അബ്ബാസിന്റെ സാത് ഹിന്ദുസ്ഥാനി ആയിരുന്നു.രാജേഷ് ഖന്ന സൂപ്പർസ്റ്റാറായി കത്തിനിൽക്കുന്ന കാലഘട്ടത്തിലാണ് ബച്ചന്റെ അരങ്ങേറ്റം. സൻജീർ,ദീവാർ,ഷോലെ തുടങ്ങിയ ചിത്രങ്ങൾ മതിയായിരുന്നു ബച്ചന് സൂപ്പർസ്റ്റാർ പദത്തിലേക്ക് കുതിച്ചുയരാൻ.
ഭീഷണിയായത് 
വിനോദ്ഖന്ന മാത്രം
ശത്രുഘ്നൻ സിൻഹ ,ശശികപൂർ,ഋഷികപൂർ, തുടങ്ങി അനവധി താരങ്ങൾ നിറഞ്ഞുനിന്ന കാലമായിട്ടും ബച്ചന്റെ തലപ്പൊക്കം ബോളീവുഡിൽ അജയ്യമായി തുടർന്നു. വിനോദ് ഖന്നയുടെ വരവിൽ മാത്രമാണ് ബച്ചന്റെ താരപദവി അല്പമെങ്കിലും ആടിയുലഞ്ഞത്.പക്ഷേ ഖന്ന രജനീഷിന്റെ ശിഷ്യനായി കളം വിടുകയായിരുന്നു. പിൽക്കാലത്ത് ഷാരൂഖ്,അമീർ,സൽമാൻ എന്നീ ഖാൻ ത്രയം അരങ്ങിലെത്തിയപ്പോൾ ബച്ചൻ ചുവടുമാറ്റി. തനിക്കിണങ്ങിയ വേഷങ്ങൾ മാത്രം തിരഞ്ഞെടുത്തു.ആ നിലയക്ക് ഇന്നും അജയ്യനായി തുടരുന്നു. ഇടയ്ക്ക് രാഷ്ട്രീയത്തിലും ഒരു കൈനോക്കി .കൈപൊള്ളിയതിനാൽ പിൻമാറി.കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ ഗുരുതരമായി പരിക്കേറ്റ ബച്ചന്റെ ജീവൻ തുലാസിലാടി.ആരാധകരുടെ പ്രാർത്ഥനയിൽ ബച്ചൻ സജീവാഭിനയത്തിലേക്ക് മടങ്ങിയെത്തി. വീണ്ടും രോഗങ്ങൾ അലട്ടി. ഏറ്റവുമൊടുവിൽ കൊവിഡും വേട്ടയാടി പക്ഷേ ബച്ചൻ പൂർണ്ണാരോഗ്യവാനായി തിരിച്ചുവന്നു. ഇന്ത്യൻ സിനിമയിൽ ഒരേയൊരു ബച്ചനേയുള്ളു.അതാണ് അതുല്യനായ, അജയ്യനായ അമിതാഭ് ബച്ചൻ.