
ന്യൂഡൽഹി: കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അമ്പത്തഞ്ച്കാരന് എന്ത് ശിക്ഷ നൽകണമെന്ന് ഉത്തർപ്രദേശ് ജുവനൈൽ ബോർഡ് തീരുമാനിക്കണമെന്ന് സുപ്രീം കോടതി. 1981 ൽ പ്രായപൂർയാകുന്നതിന് മുമ്പാണ് പ്രതി കൊലപാതകം നടത്തിയത്. അതിനാൽ ജുവനൈൽ ബോർഡ് ശിക്ഷ വിധിക്കണമെന്ന് കോടതി നിർദേശം നൽകി
1986 ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ബഹ്‌റൈച്ചിലെ കോടതി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 2000ത്തിൽ നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിലാണ് 2018 ൽ അലഹാബാദ് ഹൈക്കോടതി കേസിന്റെ വാദം കേൾക്കുന്നതും വിധി പുറപ്പെടുവിച്ചതും.
കുറ്റം ചെയ്ത സമയത്ത് പ്രതി 18 വയസിന് താഴെയാണെങ്കിൽ ഭേദഗതി ചെയ്ത നിയമം പ്രകാരം വിചാരണ നടക്കേണ്ടത് ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ആണ്.അടുത്തിടെയാണ് കേസിൽ ബഹ്‌റൈച്ചിലെ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.