
വടക്കൻ സിംബാവെയിലെ കന്യമ്പാ എന്ന പ്രവിശ്യയിലാണ് വഡോമ എന്ന ഈ ഗോത്ര സമൂഹം ജീവിക്കുന്നത്. എക്ട്രോഡാക്റ്റിലി എന്ന വളരെ അപൂർവമായ പാരമ്പര്യ വൈകല്യത്തോടെയാണ് ഇവിടത്തെ കുട്ടികൾ ജനിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ എല്ലാവർക്കും അംഗവൈകല്യങ്ങളുണ്ട്. കാലുകളിൽ വിരലുകൾ 3എണ്ണം മാത്രമേയുള്ളു. അതായത് ഒരു കാലിൽ 2 വിരലുകൾ കുറവ്. മാത്രമല്ല പാദങ്ങൾ ഇടത് വശത്തേക്ക് വളഞ്ഞതാണ്. ഒട്ടകപ്പക്ഷിയുടെ പാദങ്ങളുടെ ആകൃതിയിലാണ്. അതിനാൽ ഓസ്ട്രിച്ച് പീപ്പിൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഒട്ടകപ്പക്ഷിയുടെ പാദത്തിന് സമാനമായി കാണുന്ന ഇവരുടെ ഈ സവിശേഷതയ്ക്ക് ശരിയായ പ്രതിവിധി കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന്ന് ഇതു വരെ സാധിച്ചിട്ടില്ല. അപൂർവമായി മനുഷ്യരിൽ കാണപ്പെടാറുള്ള ഈ വൈകല്യത്തെ ലോബ്സ്റ്റർ ക്ളോ സിൻഡ്രോം എന്നും വൈദ്യശാസ്ത്രം വിളിക്കുന്നു. ഈ ഗ്രാമവാസികൾ കൃഷി ചെയ്ത് ജീവിക്കുന്ന വിഭാഗമല്ല. കാട്ടുകനികളും കാട്ടു മൃഗങ്ങളെ പിടിച്ച് ഭക്ഷിച്ചുമാണ് ഇവർ ജീവിക്കുന്നത്. ഇരുപതിനായിരത്തിൽ താഴെ വരുന്ന ജനസംഖ്യയുള്ള വാഡോമ ഗോത്രത്തിലെ യുവാക്കൾക്ക്, സ്വന്തം ഗോത്രത്തിൽ നിന്നല്ലാതെ വിവാഹം കഴിക്കാനും ഗോത്രനിയമം അനുവദിക്കുന്നില്ല. ഒരേ വർഗത്തിലും കുടുംബത്തിലും പെട്ടവർ തമ്മിൽ കാലാകാലങ്ങളിലായി നടത്തി വരുന്ന വിവാഹബന്ധത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളിലാണ് ഈ വൈകല്യം കൂടുതലായി കാണപ്പെടുന്നതെന്ന് പഠനങ്ങൾ പറയുന്നു.