technopark

കുളത്തൂർ: എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം ടെക്‌നോപാർക്ക് ഫെയിസ് ത്രീയിൽ നടത്തിയ പരിശോധനയിൽ വ്യാജ ചാരായം പിടികൂടി. ടെക്‌നോപാർക്ക് വളപ്പിൽ നിർമ്മാണ കമ്പനി താത്കാലിക ഓഫീസായി സ്ഥാപിച്ചിരുന്ന കണ്ടെയ്നറിനുള്ളിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ വ്യാജ ചാരായമാണ് പിടികൂടിയത്. കൂടുതൽ പരിശോധനയിൽ സമീപത്തുണ്ടായിരുന്ന വേസ്റ്റ് ബിന്നിന് മുകളിൽ ഒരു കവറിൽ സൂക്ഷിച്ചിരുന്ന പൊതി തുറക്കാൻ ശ്രമിക്കുന്നതിനിടെ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു കവറിൽ ടേപ്പ് ചുറ്റിയ നിലയിൽ സൂക്ഷിച്ചിരുന്ന പൊതി കഞ്ചാവാണെന്ന നിഗമനത്തിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ ബോംബാണെന്ന് തിരിച്ചറിയുകയും തുടർന്ന് ദൂരേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴക്കൂട്ടം എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തുടർന്ന് അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.