
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച് മുങ്ങിയ കാമുകനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. പെരുമ്പാവൂർ അറക്കപ്പടി കൊക്കാടി വീട്ടിൽ ആഷിക്കാണ് (23) പിടിയിലായത്. രണ്ടുമാസം മുമ്പേയാണ് ഇയാൾ ഫേസ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയപ്പെടലിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇരുവരും ബൈക്കിൽ മൂവാറ്റുപുഴയിൽ നിന്ന് മൂന്നാറിന് പോയത്. അന്ന് സന്ധ്യയോടെ പെൺകുട്ടിയുടെ വീടിനടുത്ത് കൊണ്ടുവിട്ടു. യാത്രയ്ക്കിടയിൽ പെൺകുട്ടിയുടെ ഫോണിലെ ഫേസ്ബുക്ക് അക്കൗണ്ടും സേവ് ചെയ്ത ഇയാളുടെ ഫോൺ നമ്പറും നീക്കിയശേഷമായിരുന്നു തന്ത്രപരമായി മുങ്ങിയത്.
പെൺകുട്ടി എത്താൻ വൈകിയതോടെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയതോടെ മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ എം.എ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വിലാസം കണ്ടെത്തി പിടികൂടുകയായിരുന്നു. മൂവാറ്റുപുഴ കോടതിയിൽ ഇന്നലെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്ക് സ്വന്തമായി സൗന്ദര്യ വർദ്ധക വിവരണവുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണസംഘത്തിൽ എസ്.ഐ വി.സി. ജോൺ.എ.എസ്.ഐ പി.സി. ജയകുമാർ, സി.പി.ഒമാരായ ബിബിൽ മോഹൻ, സനൽ.വി കുമാർ എന്നിവരാണുണ്ടായിരുന്നത്.