
മലപ്പുറം: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ ആരോപണം നിഷേധിച്ച് ഹോട്ടലുടമ ഷക്കീർ. അബ്ദുള്ളക്കുട്ടിക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായിട്ടില്ലെന്നും, വാർത്ത അറിഞ്ഞത് രാവിലെ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'അബ്ദുള്ളക്കുട്ടിയെ ആരും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഹോട്ടലിനകത്ത് അപമാനിക്കൽ ശ്രമവും ഉണ്ടായിട്ടില്ല.ഹോട്ടലിന് പുറത്തും കയ്യേറ്റ ശ്രമം നടന്നതായി അറിയില്ല. അബ്ദുള്ളക്കുട്ടിയുടെ പരാതി അറിഞ്ഞത് രാവിലെ മാത്രമാണ്.'- അദ്ദേഹം പറഞ്ഞു.രാത്രി അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഹോട്ടലിൽവച്ച് കയ്യേറ്റ ശ്രമമുണ്ടായതായി അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു.
അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. പൊതുമരാമത്ത് ജോലികൾക്കായി സാധനങ്ങൾ കൊണ്ടു പോകുന്ന കരാർ ലോറിയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തെ ഇടിച്ചത്. അപകടം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും, കാറിന് പിന്നിൽ രണ്ട് തവണ ലോറിയിടിച്ചെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു.