 
കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം ചോദ്യംചെയ്തുതുടങ്ങി. പ്രിവിന്റീവ് കമ്മിഷണറുടെ ഓഫീസിൽ കമ്മിഷണർ സുമിത് കുമാറും സംഘവുമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്.
നേരത്തെ രണ്ടുതവണയായി 17 മണിക്കൂർ ശിവശങ്കറിനെ ചോദ്യംചെയ്തിരുന്നു.നയതന്ത്രചാനലിലൂടെ യു.എ.ഇ കോൺസുലേറ്റിൽ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങൾക്കും സ്പെഷ്യൽ സ്കൂളുകളിലും വിതരണം ചെയ്യാൻ നിർദേശിച്ചത് ശിവശങ്കറാണെന്ന് സാമൂഹിക നീതിവകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും വിളിച്ചുവരുത്തിയത്. നയതന്ത്രചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോൺസുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാൻ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർചെയ്ത കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരെ ജയിലിൽ ചോദ്യംചെയ്യാൻ കസ്റ്റംസ് സംഘത്തിനു കോടതി അനുമതി നൽകി. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളായ മൂവരിൽനിന്നും ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് എൻ.ഐ.എ കസ്റ്റംസിന് കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ നൽകിയ അപേക്ഷയാണ് അനുവദിച്ചത്.