
കാഞ്ഞങ്ങാട്: ഡിജിറ്റൽ ഇടപാടുകളിലൂടെയുള്ള തട്ടിപ്പ് തുടർക്കഥയാകുമ്പോൾ പോസ്‌റ്റോഫീസ് വഴി കത്തയച്ചും മലയാളികളെ പറ്റിക്കാൻ തയ്യാറെടുക്കുകയാണ് തട്ടിപ്പുസംഘങ്ങൾ. വടക്കൻ കേരളത്തിലെ ചില വീടുകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഭിക്കുന്ന കത്തുകൾ ഇതാണ് സൂചിപ്പിക്കുന്നത്. കാറുൾപ്പടെയുള്ള മോഹന വാഗ്ദ്ധാനങ്ങളാണ് ഈ കത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒരു വീട്ടുടമസ്ഥന് ലഭിച്ച കത്തിങ്ങനെ താങ്കൾക്ക് മാരുതി ഡിസയർ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട്, ഈ കത്തിലെ ഒരു ഭാഗം ചുരണ്ടിയാൽ അത് മനസ്സിലാകും, കാർ ലഭിക്കണമെങ്കിൽ വാഹനത്തിന്റെ ഇൻഷ്വറൻസിനായി 40000 രൂപ അടക്കണമെന്നാണ് കത്തിലെ മറ്റൊരു നിർദ്ദേശം. നാൽപ്പതിനായിരം കൊടുത്താൽ ലക്ഷങ്ങൾ വിലമതിക്കുന്ന കാർ മുറ്റത്ത് കിടക്കും എന്ന സ്വപ്നത്തിൽ വീഴുന്നവർ നിരവധിയാണ്. ഒടുവിൽ കാശ് പോയി വിഷമത്തിലാവുന്നവർ അപമാനഭയത്താൽ മിണ്ടാറില്ല, പരാതിയും നൽകാറില്ല. ഇതാണ് തട്ടിപ്പ് സംഘത്തിന് അനുഗ്രഹമാകുന്നത്.
വാട്സാപ്പിലെ പുത്തൻ തട്ടിപ്പ്
വാട്സ് ആപ്പ് സ്റ്റാറ്റസ് വഴി 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്നു വാഗ്ദാനം ചെയ്ത സന്ദേശം ലഭിച്ചിട്ടുണ്ടോ. ഇങ്ങനെയൊരു സന്ദേശം ഫോണിൽ ലഭിച്ചിട്ടുണ്ടെങ്കിൽ കരുതിയിരിക്കണം. തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങളാണിതെന്ന സംശയത്തിലാണ് പൊലീസ്.
ഒന്നും ചിന്തിക്കാതെ പലരും നൽകിയിരിക്കുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ കേരളാ ഓൺലൈൻ വർക്ക് എന്ന ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതിൽ ' നിങ്ങൾ വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ 30 ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ ? എങ്കിൽ നിങ്ങൾക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ' എന്ന വാഗ്ദാനമാണ് ലഭിക്കുന്നതത്രെ. പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത് പണംനേടൂ എന്നാണ് പരസ്യം. ഒരു സ്റ്റാറ്റസിന് 10 മുതൽ 30 രൂപവരെ ലഭിക്കുമെന്നും വെബ്‌സൈറ്റിൽ പറയുന്നു.
പരസ്യം കണ്ട് രജിസ്റ്റർ ചെയ്യുന്നവരോട് ഫോൺ നമ്പരും ജില്ലയും തെരഞ്ഞെടുക്കാൻ ആവശ്യപ്പെടും. ഒപ്പം കുറച്ച് നിർദ്ദേശങ്ങളും നൽകും. നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ലഭിക്കുന്ന വ്യൂവ്സിന്റെ സ്‌ക്രീൻ ഷോട്ട് ആവശ്യപ്പെട്ടാൽ കാണിക്കേണ്ടതാണ്, 30ൽ കുറവ് വ്യൂവേഴ്സ് ഉള്ള സ്റ്റാറ്റസുകൾ പരിഗണിക്കില്ല, ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകൾ വരെ ഷെയർ ചെയ്യാം, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം വഴി മാത്രമേ പണം പിൻവലിക്കാനാവൂ, ഓരോ ശനിയാഴ്ചയും പേ ഔട്ട് ഉണ്ടാകും എന്നിങ്ങനെ പോകുന്നു നിർദേശങ്ങൾ. വെബ് സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചുവെങ്കിലും ഡീറ്റെയിൽസ് ഹിഡനാണെന്നും പറയുന്നു.
കത്ത് മുഖേനയും തട്ടിപ്പ്
വെബ്‌സൈറ്റ് വിവരങ്ങൾ ഹിഡനാണെന്നു പറയുമ്പോൾ ഇത് തട്ടിപ്പുകാരുടെ ഒരു രീതിയായി സംശയിക്കണം. കേരളാ ഓൺലൈൻ വർക്ക് എന്ന വെബ് സൈറ്റിന്റെ ബാക്ക് അഡ്രസ് യൂസ് ചെയ്താണോ തട്ടിപ്പ് നടക്കുന്നതെന്നും സംശയിക്കുന്നു. ബാങ്കിംഗ് തട്ടിപ്പുകൾക്കായി ആകാം ഇത്തരത്തിലുള്ള രീതി ഉപയോഗിക്കുന്നത്. രജിസ്റ്റർ ചെയ്തവരോട് മൊബൈൽ നമ്പറും ജില്ലയും മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ ഇത് ഏതുതരത്തിലുള്ള തട്ടിപ്പാണെന്ന കാര്യം കാത്തിരുന്നു കാണേണ്ടിവരും.
ഡോ. പാട്ടത്തിൽ ധന്യാമേനോൻ,
സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ