
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് നാട്ടിൽ പണിയില്ല. നോർക്കയുടെ കണക്കനുസരിച്ച് ഇങ്ങനെ അലയുന്നത് 1.67 ലക്ഷം പേർ. ഡ്രീം കേരള പദ്ധതിയുടെ ഭാഗമായി ഇവർക്ക് വ്യവസായവും വ്യാപാരവും തുടങ്ങാൻ സർക്കാർ വായ്പാപദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും നല്ല പ്രതികരണമുണ്ടായില്ല. പണിയില്ലാതെ എത്തിയവരിൽ 40ശതമാനവും വിദഗ്ദ്ധ തൊഴിലാളികൾ. ബാക്കിയുള്ളവർ അസംഘടിത മേഖലയിലെ അവിദഗ്ദ്ധരും. ഇവർക്ക് തൊഴിൽ നൽകുകയാണ് സർക്കാർ നേരിടുന്ന വെല്ലുവിളി.
സംസ്ഥാനത്തെ തൊഴിൽ മേഖല അടക്കിവാഴുന്നത് അന്യസംസ്ഥാന തൊഴിലാളികളായ 20 ലക്ഷത്തിലേറെപ്പേർ. നിർമ്മാണ, അടിസ്ഥാന സൗകര്യവികസന, കരാർ തൊഴിൽ മേഖലകളിൽ ഇവരുടെ ആധിപത്യമാണ്. വിശ്രമമില്ലാതെ പത്ത് മുതൽ 16 മണിക്കൂർ വരെ ജോലിയെടുക്കുന്നതും കുറഞ്ഞ കൂലിയുമാണ് പ്രത്യേകത.തൊഴിൽ വകുപ്പിന്റെ സ്കിൽ രജിസ്ട്രി ആപ്പിനും, നോർക്കയുടെ തൊഴിൽ ആപ്പിനും വേണ്ടത്ര വിജയിക്കാനായില്ല. പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രശ്നം പരിഹരിക്കാനും നീക്കമുണ്ട്. പുതിയ വഴികളുണ്ടെങ്കിൽ 31വരെ അറിയിക്കാനാണ് ഡ്രീം കേരള സൈറ്റിലെ പരസ്യം. അതനുസരിച്ച് ഹാക്കത്തോൺ നടത്തി നവംബർ 15ന് പരിഹാര പദ്ധതികൾ പ്രഖ്യാപിക്കാനാണ് ശ്രമം.
പ്രവാസികൾ
 പ്രവാസി മലയാളികൾ -28 ലക്ഷം, കൊവിഡ്മൂലം മടങ്ങിയെത്തിയവർ-3.60 ലക്ഷം, തൊഴിൽ നഷ്ടപ്പെട്ട് എത്തിയവർ -1.67ലക്ഷം, പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്നത്- 2 ലക്ഷം കോടി
സർക്കാർ ചെയ്തത്
ഒരുലക്ഷം പേർക്ക് 5,000 മുതൽ 20,000 രൂപ വരെ സഹായം. സപ്ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി.ട്രാവൻകൂർ പ്രവാസി ഡെവലപ്മെന്റ് കോ-ഒാപ്പറേറ്റീവ് സൊസൈറ്റിയുമായി ചേർന്ന് സംരംഭകത്വ വായ്പ.കെ.എഫ്.സിയുമായി ചേർന്ന് വായ്പാപദ്ധതി.മീറ്റ് പ്രോഡക്ട്സ് കോർപറേഷനുമായി ചേർന്ന് സ്വയംതൊഴിൽ പദ്ധതി.
തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനും ജീവനോപാധി നൽകാനും നോർക്കയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ വിവിധ പദ്ധതികൾ തുടങ്ങും. പുതിയ ആശയങ്ങളും പദ്ധതികളും പൊതുജനങ്ങളിൽ നിന്ന് തേടുന്നുണ്ട്.
-കെ.ഹരികൃഷ്ണൻ നമ്പൂതിരി,നോർക്ക സി.ഇ.ഒ.