sambath

തി​രുവനന്തപുരം: സംസ്ഥാന സർക്കാരി​ന്റെ ഡൽഹിയിലെ പ്രത്യേക പ്രതിധിനി മുൻ എം പി എ സമ്പത്തിനെ ഡൽഹിയിൽ കണ്ടിട്ട് നാളുകുറച്ചായി. കക്ഷി ഇപ്പോൾ നാട്ടിലെ വീട്ടിലാണ്. പക്ഷേ, ഡൽഹിയിലിരുന്ന് ജോലിചെയ്യുന്നില്ലെങ്കിലും ശമ്പളം കൃത്യമായി കൈപ്പറ്റുന്നുണ്ട്. അതും ഡൽഹിയിൽ ജോലിചെയ്യുന്നതിനുളള പ്രത്യേക അലവൻസ് സഹിതവും. ഇങ്ങനെ അഞ്ചുമാസമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്. മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ സമ്പത്ത് നാട്ടിലാണ്.ഏപ്രിൽ മാസംമുതൽ ഏത്രദിവസം ഡൽഹിയിൽ ജോലിക്ക് ഹാജരായിരുന്നു എന്നോ അവധിയിൽപോയിട്ടുണ്ടോ എന്നൊന്നുമുളള വിവരങ്ങൾ ലഭ്യമല്ലെന്നാണ് കേരളഹൗസ് പറയുന്നത്.

തിരഞ്ഞെടുപ്പിൽ തോറ്റതോടെ കേന്ദ്ര സർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനും സംസ്ഥാന സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾക്കുമാണ് സമ്പത്തിനെ കാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. പക്ഷേ, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അദ്ദേഹം നാട്ടിലേക്ക് പോന്നു. ലോക്ക്ഡൗൺ സമയത്ത് ഡൽഹിയിൽ നിന്നുംമറ്റും മലയാളികൾ നാട്ടിലേക്ക് പോകാനാകാതെ വിഷമിച്ച സമയത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സമ്പത്തില്ലാത്തത് വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു. ട്രെയിനും വിമാനവുമൊന്നുമില്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിപ്പോയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.

ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ആദ്യന്തര വിമാന, ട്രെയിൻ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കപ്പെട്ടു. പക്ഷേ, സമ്പത്ത് ഇപ്പോഴും നാട്ടിലിരുന്ന് ശമ്പളം വാങ്ങുന്നുവെന്നാണ് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നത്.