
തിരുവനന്തപുരം: ബി.ജെ.പി ദേശീയ പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയുടെ കാറിൽ ലോറിയിടിച്ച സംഭവം ആസൂത്രിതമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു. നടന്നത് ആസൂത്രിത അപകടമാണെന്ന് അബ്ദുള്ളക്കുട്ടിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആരോപിച്ചതോടെയാണ് പൊലീസ് ഈ തലത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രി 11 മണിയോടെ മലപ്പുറം രണ്ടത്താണിയിൽ വച്ചായിരുന്നു അപകടം. പിന്നാലെ വന്ന ലോറി രണ്ടുതവണ അബ്ദുള്ളക്കുട്ടിയുടെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻവശം തകർന്നു. അബ്ദുള്ളക്കുട്ടിക്ക് പരിക്കൊന്നുമില്ല. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് ജോലികൾക്കായി സാധനങ്ങൾ കൊണ്ടു പോകുന്ന കരാർ ലോറിയാണ് അപകടമുണ്ടാക്കിയത്. മലപ്പുറം സ്വദേശി ശബാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകടത്തിന് പിന്നിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി.
45 മിനിട്ട് മുമ്പ് ഹോട്ടലിൽ തർക്കം
അപകടത്തിന് 45ന് മിനിട്ട് മുമ്പ് പൊന്നാനി വെളിയങ്കോട് ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മടങ്ങുമ്പോൾ അജ്ഞാതരയ രണ്ട് പേർ മനഃപൂർവം പ്രശ്നമുണ്ടാക്കാനായി എത്തിയതായി അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. തന്നെ കളിയാക്കുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീടുണ്ടായ സംഭവങ്ങൾ ബന്ധപ്പെടുത്തി നോക്കുകയാണെങ്കിൽ ഇതിൽ ദുരൂഹതയുണ്ടെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. ഇന്ന് അബ്ദുള്ളക്കുട്ടി പരാതി നൽകും.
എന്നാൽ, ഹോട്ടലിൽ കൈയേറ്റമുണ്ടാവുകയോ ബഹളം ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ഹോട്ടലുടമ ഷക്കീർ പറഞ്ഞു. . ഹോട്ടലിൽ ഒന്നും സംഭവിച്ചിട്ടില്ല. ഹോട്ടലിനു പുറത്തുവച്ചും പ്രശ്നമുണ്ടായതായി അറിയില്ല. അബ്ദുള്ളക്കുട്ടിയുടെ പരാതിയെക്കുറിച്ച് ഇപ്പോഴാണ് അറിഞ്ഞത്. ഹോട്ടലിൽ സി.സി.ടി.വി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അബ്ദുള്ളക്കുട്ടിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്തു. യുവമോർച്ച പ്രവർത്തകൻ അരുണിന്റെ പരാതിയിൽ ആണ് കേസ് എടുത്തിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടലിൽ ഫോട്ടോ എടുത്തത്തിന്റെ പേരിൽ തർക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാൾ കല്ലെറിഞ്ഞെന്നുമാണ് പരാതി.