vijay-devarakkonda

ജനാധിപത്യത്തെക്കാൾ നല്ലത് ഏകാധിപത്യമാണെന്നും, രാജ്യത്തെ മുഴുവൻ ജനങ്ങളെയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും നടൻ വിജയ് ദേവരകൊണ്ട. ഈ രാഷ്ട്രീയ വ്യവസ്ഥ എന്തെങ്കിലും അർഥമുള്ളതാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് വിജയ് ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് മനസുതുറന്നത്. പല താരങ്ങളെയും പോലെ ഭാവിയിൽ താങ്കളും രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

'രാഷ്ട്രീയ പ്രവർത്തനത്തിനുവേണ്ട ക്ഷമ എനിക്കില്ല. ഒരുതരത്തിൽ പറഞ്ഞാൽ ഈ രാഷ്ട്രീയ വ്യവസ്ഥ അർഥമുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. തിരഞ്ഞെടുപ്പുകളുടെ കാര്യവും അതുപോലെത്തന്നെയാണ്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് നിങ്ങൾ മുംബയ്ക്ക് പോകാൻ ഒരു വിമാനത്തിൽ കയറുന്നുവെന്ന് വിചാരിക്കുക. അതിലെ യാത്രക്കാരാണോ വിമാനം ആര് പറപ്പിക്കണമെന്ന് തീരുമാനിക്കുക? അല്ല, ആ വിമാനം ഏത് എയർലൈൻ കമ്പനിയുടേതാണോ അവരാണ് അതിന് അനുയോജ്യരായവരെ തിരിഞ്ഞെടുക്കേണ്ടത്.

'പണവും മദ്യവുമൊക്കെ കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കുന്ന പരിഹാസ്യമായ കഴ്ചകളാണ് നമ്മൾ കാണുന്നത്. പലർക്കും ആർക്കാണ് വോട്ട് ചെയ്തതെന്നോ, എന്തിനുവേണ്ടിയാണെന്നോ അറിയില്ല. പണക്കാരെ മാത്രം വോട്ട് ചെയ്യാൻ അനുവദിക്കണമെന്നല്ല ഞാൻ പറഞ്ഞുവരുന്നതിനർത്ഥം. വിദ്യാസമ്പന്നരായ, ചെറിയ തുക നൽകി സ്വാധീനിക്കാനാവാത്ത മധ്യവർഗത്തെയാണ് വോട്ട് ചെയ്യാൻ അനുവദിക്കേണ്ടത്.'- വിജയ് പറഞ്ഞു.