
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസിന്റെ ആരോഗ്യവും ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം. മാനസികാരോഗ്യമുള്ള വ്യക്തിയുടെ പെരുമാറ്റവും വൈകാരിക പ്രകടനങ്ങളും മറ്റുള്ളവർക്ക് അംഗീകരിക്കാനാവുന്നതും സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്ന തരത്തിലുള്ളതുമായിരിക്കും. മാനസികാരോഗ്യമുള്ള വ്യക്തിക്ക് കുടുംബാംഗങ്ങളുമായും സമൂഹവുമായും സഹകരിക്കാനോ തൊഴിൽ ചെയ്‌ത് മുന്നോട്ടു പോകാനോ യാതൊരു തകരാറുമുണ്ടാവില്ല.
മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങൾ
കൃത്യമായ ഉറക്കം
രാത്രിയിൽ ചുരുങ്ങിയത് ഏഴ് - എട്ട് മണിക്കൂർ ഉറങ്ങുന്ന വ്യക്തി മാനസിക ആരോഗ്യമുള്ളയാളായിരിക്കും. കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങണം. ഉറക്കത്തിന് രണ്ട് പ്രധാനപ്പെട്ട ഗുണങ്ങളുണ്ട്.
ഒന്ന് പകൽ വായിക്കുകയും പഠിക്കുകയും കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങൾ തലച്ചോറിൽ അടുക്കി വയ്‌ക്കപ്പെടുന്ന പ്രക്രിയ രാത്രിയാണ് നടക്കുന്നത്. രാത്രിയിൽ നല്ല ഉറക്കമില്ലാത്ത വ്യക്തിക്ക് ഓർമ്മക്കുറവുണ്ടാകുന്നു. കാരണം വായിച്ചതും പഠിച്ചതുമായ കാര്യങ്ങൾ തലച്ചോറിൽ കൃത്യമായി അടുക്കി വയ്‌ക്കപ്പെട്ടിട്ടുണ്ടാകില്ല.
രണ്ട് പകൽ തലച്ചോറിലെ കോശങ്ങളിൽ നടക്കുന്ന ചയാപചയ പ്രവർത്തനങ്ങളുടെ ഫലമായി ഉത്‌പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നത് രാത്രിയിലാണ്. നല്ല ഉറക്കമില്ലാത്ത വ്യക്തിക്ക് തലച്ചോറിലെ കോശങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞ് പകൽ മന്ദതയും ഊർജസ്വലതയില്ലായ്‌മയും ഉണ്ടാകും.
ഉറങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ്. കാരണം ഈ സമയത്താണ് തലച്ചോറിലെ പീനിയൽ ഗ്രന്ഥി മെലാറ്റോണിൻ എന്ന രാസപദാർത്ഥം ഉത്‌പാദിപ്പിക്കുന്നത്. ഈ രാസപദാർത്ഥമാണ് തലച്ചോറിനെ പൂർണ വിശ്രമത്തിലേക്ക് നയിക്കുന്നത്.
വികാരങ്ങൾ
നിയന്ത്രണവിധേയം
വികാരപ്രകടനങ്ങൾ നിയന്ത്രണത്തിലാണെങ്കിൽ വ്യക്തി മാനസികാരോഗ്യമുള്ളയാളാണ്. സന്തോഷം, സങ്കടം, ദേഷ്യം, ഉത്കണ്‌ഠ, ആശങ്ക തുടങ്ങിയ വികാരങ്ങൾ സ്വാഭാവികമാണ്. എന്നാൽ വികാരങ്ങളെ നിയന്ത്രിക്കാനാവാത്ത അവസ്ഥ മാനസിക അനാരോഗ്യത്തിന്റെ ലക്ഷണമാണ്. സഹപ്രവർത്തകനോ സഹപാഠിയോ നമ്മെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നെന്ന് വിചാരിക്കുക, നമ്മുടെ രൂപത്തിന്റെ കുറവുകൾ, അല്ലെങ്കിൽ നിറം എന്നിവയെ പരിഹസിച്ചാകാമിത്. ഇത്തരം സന്ദർഭത്തിൽ അതിനെ ചെറുപുഞ്ചിരിയോടെ നേരിട്ട്, പ്രകോപിപ്പിക്കുന്ന വ്യക്തിയെ തെല്ലും പരിഗണിക്കാതെ മറ്റുള്ളവരോട് സംസാരിച്ച് ഉല്ലാസവാനായി മുന്നോട്ട് പോകാൻ കഴിയുന്നയാൾ മാനസികാരോഗ്യമുള്ള വ്യക്തിയാണ്. ആവശ്യമുള്ള വികാരങ്ങളെ ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള അളവിൽ മാത്രം വിനിയോഗിക്കുന്നതിനെയാണ് emotional intelligence അഥവാ വൈകാരിക ബുദ്ധി എന്ന് പറയുന്നത്.
സമൂഹത്തിന്റെ ആവശ്യം
തിരിച്ചറിയൽ
സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പെരുമാറുന്നയാൾക്ക് മാനസികാരോഗ്യമുണ്ട്. സമൂഹം നമ്മിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നുണ്ടാവും. നമ്മുടെ പ്രവൃത്തികൾ സമൂഹത്തിന് ഹാനികരമാകരുത്. സമൂഹത്തിന് ബുദ്ധിമുട്ടാകുന്ന സ്വാർത്ഥതാത്പര്യങ്ങൾ ഉപേക്ഷിച്ച് സഹജീവികളുടെ താത്പര്യങ്ങളെ പരിഗണിച്ച് പെരുമാറുന്നത് മാനസികാരോഗ്യത്തിന്റെ ലക്ഷണമാണ്. ഇതിനെ social intelligence അഥവാ സാമൂഹിക ബുദ്ധി എന്ന് പറയുന്നു.
പരിസ്ഥിതി
സംരക്ഷണ ബോധം
പരിസ്ഥിതിയെ സംരക്ഷിക്കാനും അതിന് അനുസൃതമായ പ്രവർത്തനങ്ങൾ നടത്തുന്നതും മാനസികാരോഗ്യ ലക്ഷണമാണ്. മഹാമാരി പടരുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നമ്മെ സംരക്ഷിക്കാൻ മാത്രമല്ല, ചുറ്റുമുള്ളവരെക്കൂടി സംരക്ഷിക്കാനാണ്.
മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പരിസ്ഥിതിയെയും ചുറ്റുപാടുകളെയും മലിനമാക്കാതെ കൃത്യമായി അവ സംസ്‌കരിക്കുക. ഇത് ecological intelligence അഥവാ പാരിസ്ഥിതിക ബുദ്ധി എന്ന തലമാണ്.
വൈകാരിക അവസ്ഥ
മനസിലാക്കുക
മറ്റൊരു വ്യക്തിയുടെ മാനസികാവസ്ഥ മനസിലാക്കി, അയാളുടെ സ്ഥാനത്ത് സ്വയം സങ്കല്‌പിച്ച് പ്രതികരിക്കാനുള്ള കഴിവിനെ അനുതാപം അഥവാ empathy എന്ന് പറയുന്നു. അനുതാപം മാനസികാരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്. സഹജീവിക്ക് ഒരാവശ്യം വരുമ്പോൾ ഇടപെടുന്നതും സഹപ്രവർത്തകന് സഹായം നല്‌കുന്നതുമെല്ലാം ഇതിൽ വരുന്നു. അപരന്റെ ഭാഗത്തു നിന്ന് നാം ജീവിതത്തെ വിലയിരുത്തുമ്പോഴാണിത് സാദ്ധ്യമാകുന്നത്.
ഫലപ്രദമായ ആശയവിനിമയം
മാനസികാരോഗ്യമുള്ള വ്യക്തി , ഒരാളെ കാണുമ്പോൾ തുറന്ന് ചിരിക്കുകയും അയാളുടെ മനസിന് സന്തോഷമുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നു. മനസിലുള്ള കാര്യങ്ങൾ വ്യക്തതയോടെ, മറ്റുള്ളവർക്ക് അലോസരമുണ്ടാക്കാതെ അവതരിപ്പിക്കുന്നതും മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ, ക്ഷമയോടെ ശ്രദ്ധാപൂർവം, അവരെ തടസപ്പെടുത്താതെ കേട്ടിരിക്കുന്നതും, പൂർണമായി കേട്ടതിനു ശേഷം പ്രതികരിക്കുന്നതും മാനസികാരോഗ്യത്തിന്റെ ലക്ഷണമാണ്.
ആരോഗ്യപരമായ
വ്യക്തിബന്ധങ്ങൾ
ഹാർഡ്സർവകലാശാല ............1938 ൽ ആരംഭിച്ച 'ഹാർവാർഡ് മനുഷ്യവികസന പഠനം' പറയുന്നത്, വ്യക്തിയുടെ ആയുർദൈർഘ്യം എന്നത് കുട്ടിക്കാലത്തും കൗമാരത്തിലും വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരം ആണെന്നാണ്. മികച്ച സൗഹൃദം സ്ഥാപിക്കാൻ വാങ്ങലുകളോടൊപ്പം കൊടുക്കലുകളും വേണം. മറ്റുള്ളവരെ സഹായിക്കുന്ന നിലപാടുകൾ, അവർക്ക് ഇഷ്‌ടമുള്ള പെരുമാറ്റം , ബന്ധങ്ങൾ നിലനിറുത്താൻ ബോധപൂർവമായ ശ്രമം എന്നിവ മാനസികാരോഗ്യത്തിന്റെ ലക്ഷണമാണ്. ശാരീരിക അകലമുള്ളപ്പോഴും മാനസിക അടുപ്പം കുറയാതിരിക്കാൻ സാമൂഹ്യമാദ്ധ്യമങ്ങളും ഡിജിറ്റൽ സങ്കേതങ്ങളും ഉപയോഗിക്കുക. മാനസികാരോഗ്യം നിലനിറുത്താൻ അഞ്ച് വ്യത്യസ്ത വിഭാഗം സൗഹൃദങ്ങളെങ്കിലും വേണമെന്ന് പറയാറുണ്ട്. തൊഴിലിടങ്ങളിലും അയൽപക്കത്തും സ്കൂളിലും കോളജിലും ആരാധനാലയങ്ങളിലും സാമൂഹിക കൂട്ടായ്‌മകളിലും സുഹൃത്തുക്കൾ വേണം. വ്യത്യസ്ത വിഭാഗത്തിലുള്ള സുഹൃത്തുക്കളുണ്ടെങ്കിൽ ഒരു വിഭാഗത്തിൽ നിന്നുണ്ടാകുന്ന സമ്മർദ്ദത്തെ മറികടക്കാൻ മറ്റ് സൗഹൃദങ്ങളെ ഉപയോഗിക്കാം.
ഉചിതമായ തീരുമാനങ്ങൾ
ഉചിതമായ തീരുമാനമെടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള കഴിവ് മാനസികാരോഗ്യ ലക്ഷണമാണ്. പഠിക്കേണ്ട കോഴ്സ്, സ്ഥാപനം, ജീവിതപങ്കാളി, തൊഴിൽ, ബിസിനസ് ഇങ്ങനെ ജീവിതത്തിൽ നിരവധി തീരുമാനങ്ങളെടുക്കേണ്ടതായി വരും. വരുംവരായ്‌കകൾ വിലയിരുത്തി കൂടുതൽ നല്ല വശങ്ങളുള്ള സാദ്ധ്യത തിരഞ്ഞെടുക്കുക. ക്രിട്ടിക്കൽ തിങ്കിംഗ് ആണിത്. പ്രശ്നത്തിൽ പെട്ടാൽ വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ളവരുടെ അഭിപ്രായം ചോദിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള ശേഷിയും മാനസികാരോഗ്യ ലക്ഷണമാണ്.
പ്രലോഭനങ്ങളിൽ പെടാതെ
ചെറിയ നിക്ഷേപം നടത്തിയാൽ നൂറ് മടങ്ങ് തിരികെക്കിട്ടും എന്നിങ്ങനെയുള്ള പരസ്യങ്ങളിൽ പ്രലോഭിതരായി കെണിയിൽ പെടുന്നവരുണ്ട്. യാഥാർത്ഥ്യബോധമില്ലാതെ നിക്ഷേപം നടത്തി ആത്മഹത്യ ചെയ്യുന്നവരുണ്ട്. ഒരു വിവരമോ പരസ്യമോ മുന്നിലേക്ക് വന്നാൽ അത് ശരിയാകാനുള്ള സാദ്ധ്യത എത്രത്തോളമാണെന്ന് വിലയിരുത്താനുള്ള കഴിവും മാനസികാരോഗ്യത്തിന്റെ ലക്ഷണമാണ്.
സർഗാത്മക ചിന്ത
പരിചയിച്ചതിൽ നിന്നും തീർത്തും പുതുമയുള്ള അനുഭവങ്ങളെ ( ഉദാ : കൊവിഡ്, രണ്ട് വർഷം മുൻപ് നടന്ന പ്രളയം ) നേരിടാൻ മനസിനെ പാകപ്പെടുത്താനുള്ള കഴിവാണ് സർഗാത്മക ചിന്ത അഥവാ ക്രിയേറ്റീവ് തിങ്കിംഗ്. ഇതുവരെ പരിചയിച്ചതിൽ നിന്നും മാത്രം പാഠം ഉൾക്കൊള്ളാതെ പുതിയ സാഹചര്യങ്ങളെ മറികടക്കാനുള്ള കഴിവാണിത്.
സമ്മർദ്ദവുമായി
പൊരുത്തപ്പെടൽ
പ്രയാസമുള്ള അനുഭവങ്ങളെ തരണം ചെയ്യാൻ ശരീരവും മനസും നടത്തുന്ന പരിശ്രമങ്ങളെയാണ് സ്‌ട്രെസ് അഥവാ സമ്മർദ്ദമെന്ന് പറയുന്നത്. സമ്മർദ്ദങ്ങൾ ഇല്ലാതാക്കുകയല്ല, സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടുകയാണ് പ്രായോഗികം. സമ്മർദ്ദത്തെ അവസരമായിക്കണ്ട്, തകർന്നു പോകാതെ സുഹൃത്തുക്കളുടെയോ വേണ്ടപ്പെട്ടവരുടെയോ സഹായത്തോടെ അതിജീവിക്കാനുള്ള കഴിവാണ് സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടൽ. അതിന് മനസിനെ ഒരുക്കിയെടുക്കാൻ റിലാക്സേഷൻ പരിശീലനങ്ങളും ചിന്താവൈകല്യം പരിഹരിച്ച് മനസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നമ്മെ സഹായിക്കും.
(തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രമുഖ മനോരോഗ ചികിത്സകനായ ലേഖകൻ മാനസികാരോഗ്യ വിജ്ഞാന മേഖലയിലെ 15 ഗ്രന്ഥങ്ങളുടെ കർത്താവാണ്)