
കൊച്ചി: കള്ളപ്പണ ഇടപാടിനിടെ അദായ നികുതി വകുപ്പെത്തിയപ്പോൾ താൻ ഇറങ്ങിയോടിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പി.ടി.തോമസ് എം.എൽ.എ. മുൻ ഡ്രൈവറുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം പരിഹരിക്കാനാണ് ആ വീട്ടിൽ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചകൾക്കുശേഷം അവിടെ നിന്ന് ഇറങ്ങിയ ഉടൻ ചിലർ വീട്ടിലേക്ക് പോകുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും, എം.എൽ.എ ഓഫിസിൽ എത്തിയശേഷമാണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിഞ്ഞതെന്നും പി.ടി തോമസ് പറഞ്ഞു.
കഴിഞ്ഞദിവസം ഇടപ്പളളി അഞ്ചുമനയിലുള്ള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്ന് 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. രാജീവനിൽ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണൻ എന്നയാളും സംഭവം നടക്കുമ്പോൾ ഈ വീട്ടിലുണ്ടായിരുന്നു. കണക്കിൽപെടാത്ത പണം ഇയാൾ കൊണ്ടുവന്നതാണെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയ സമയം പി.ടി തോമസ് എം.എൽ.എ ഈ വീട്ടിലുണ്ടായിരുന്നുവെന്നും, ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഇറങ്ങിയോടിയെന്നുമായിരുന്നു പ്രചാരണം.