bhagyalakshmi

തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച് യൂട്യൂബിൽ വീഡിയോ പോസ്‌റ്റ് ചെയ്‌ത വിജയ് പി നായരെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയും സുഹൃത്തുക്കൾക്കും മുൻകൂർ ജാമ്യമില്ലെന്ന് കോടതി അറിയിച്ചു. ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റും റിയാലി‌റ്റി ഷോ മത്സരാർത്ഥിയായിരുന്ന ദിയ സന, ആക്‌ടിവിസ്‌റ്റ് ശ്രീലക്ഷ്‌മി അറയ്‌ക്കൽ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം അഡി:ജില്ലാ സെഷൻസ് കോടതി തള‌ളിയത്.

ഭാഗ്യലക്ഷ്‌മിയ്‌ക്കും മറ്റ് രണ്ട് സുഹൃത്തുക്കൾക്കും നേരെ രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. കായികബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്‌തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ചുമതല കോടതിയ്‌ക്കുണ്ടെന്നും അതിൽ നിന്ന് പിന്മാറാനാകില്ലെന്നും ഉത്തരവിലൂടെ കോടതി അറിയിച്ചു.

കഴിഞ്ഞ ദിവസം വാദത്തിനിടെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തിയായി എതിർത്തിരുന്നു. ജാമ്യം നൽകിയാൽ അത് നിയമം കൈയിലെടുക്കുന്നവർക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വീഡിയോ പോസ്‌റ്റ് ചെയ്‌ത വിജയ് പി നായരെ താമസസ്ഥലത്ത് കയറി മർദ്ദിച്ചതിനും, വീഡിയോ പോസ്‌റ്റ് ചെയ്യുന്നതിന് ഉപയോഗിച്ച ലാപ്‌ടോപും മൊബൈലും കൈവശപ്പെടുത്തിയതിനും, മോഷണം, അതിക്രമിച്ച് കടക്കൽ എന്നിവ ഉൾപ്പടെ അഞ്ച് വർഷം തടവ് വരെ ലഭിക്കാവുന്ന കു‌റ്റമാണ് കേസ് അന്വേഷിച്ച തമ്പാനൂർ പൊലീസ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ സെ‌പ്‌തംബർ 26നായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർ ഡോ. വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിൽ ഇവർ കരി ഓയിൽ ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്‌തത്.