
ദുബായ് : തരുണികളുടെ കരസ്പർശമേറ്റുള്ള മസാജിംഗ് പരസ്യം കണ്ട് അറബി ചെന്ന് വീണത് ആഫ്രിക്കൻ വംശജരൊരുക്കിയ കെണിയിൽ. മസാജ് എന്ന വ്യാജേന കസ്റ്റമേഴ്സിനെ ഫ്ളാറ്റിൽ വിളിച്ചുവരുത്തി നഗ്നഫോട്ടോകൾ എടുത്ത് ബ്ളാക്ക്‌മെയിലിംഗിലൂടെ പണം തട്ടുന്ന സംഘമാണ് യുവാവിനെ കബളിപ്പിച്ചത്. നിരവധി പ്രാവശ്യം പണം ആവശ്യപ്പെട്ടുള്ള ഭീഷണി തുടർന്നതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
'മസാജിംഗിനായി പരസ്യത്തിൽ നൽകിയിട്ടുള്ള വിലാസത്തിൽ ഒരു ഫ്ളാറ്റിൽ പോയെന്നും, അവിടെ തന്നെ തടഞ്ഞുവെക്കുകയും കത്തിമുനയിൽ നിർത്തി പണവും ബാങ്ക് കാർഡുകളും കവർന്നെടുക്കുകയും ചെയ്തു. തുടർന്ന് ഒരു സ്ത്രീ എന്റെ മടിയിൽ നഗ്നനായി ഇരുന്നു. ഫോട്ടോകളെടുത്തു, പൊലീസിനെ അറിയിച്ചാൽ അത് പ്രചരിപ്പിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി' പൊലീസിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു.
പൊലീസ് അന്വേഷണത്തിൽ വൻ തട്ടിപ്പ് സംഘമാണ് പിന്നിലെന്ന് തിരിച്ചറിഞ്ഞു. 22കാരനായ ആഫ്രിക്കൻ വംശജനെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ വർഷങ്ങളായി സംഘം തട്ടിപ്പ് നടത്തുകയാണെന്നും, ജുമൈറ ലേക്ക് ടവേഴ്സിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തി. പ്രതിയും സംഘവും 500 ദിർഹം പണമായി കവർന്നതായും പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 ദിർഹം പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കവർച്ച, നിയമവിരുദ്ധമായി തടവിലാക്കൽ, ക്രിമിനൽ ഭീഷണികൾ, ലൈംഗികാതിക്രമം, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം, മറ്റുള്ളവരുടെ ബാങ്ക് കാർഡുകൾ നിയമവിരുദ്ധമായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ യുവാവ് ഇപ്പോൾ ദുബായ് കോടതിയിൽ വിചാരണ നേരിടുകയാണ്.