pt

കൊച്ചി: വസ്തുഇടപാടിനിടെ കണക്കിൽപ്പെടാത്ത പണം ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സംഭവത്തിൽ തനിക്കെതിരെയുളള വാർത്തകൾ നിഷേധിച്ച് പി ടി തോമസ് എം എൽ എ രംഗത്തെത്തി. വസ്തുഇടപാടുമായി ബന്ധപ്പെട്ട മദ്ധ്യസ്ഥ ചർച്ചയ്ക്കുവേണ്ടിയാണ് താൻ അവിടെപോയത്. വാർഡ് കൗൺസിലർ ആവശ്യപ്പെട്ടതിനാലായിരുന്നു ഇതെന്നു പറഞ്ഞ അദ്ദേഹം വാർത്ത അപകീർത്തികരമാണെങ്കിൽ നടപടിസ്വീകരിക്കുമെന്നും വ്യക്തമാക്കി.

'ക്ലേശമനുഭവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാനാണ് പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിത്. കുടികിടപ്പുമായി ബന്ധപ്പെട്ട് ഭൂമി തർക്കമുണ്ടായിരുന്നു. നേരത്തേ സി പി എം ബ്രാഞ്ച് സെക്രട്ടറിയും വാർഡ് കൗൺസിലറും ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. രാമകൃഷ്ണനും,രാജീവനും തമ്മിലുളളത് വർഷങ്ങളായ തർക്കമാണ്. ഇതിൽ ഇടപെടണമെന്ന് വീട്ടുടമ രാജീവനും വസ്തുവാങ്ങിയ രാമകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കരാർ ഉണ്ടാക്കിയത്. അത്തരത്തിൽ സഹായിക്കുക എന്നത് ജനപ്രതിനിധിയുടെ ഉത്തരവാദിത്വമാണ്. അത് ഇനിയും തുടരും. വസ്തു ഇടപാടിൽ അക്കൗണ്ടിലേക്ക് പണം നൽകുമെന്ന കരാറിലാണ് ഏർപ്പെട്ടത്. കളളപ്പണം നൽകാൻ ലോകത്തിൽ ആരെങ്കിലും കരാർ ഉണ്ടാക്കുമോ? ഞാൻ പണം കണ്ടിട്ടില്ല. 50 ലക്ഷം രൂപയാണ് രാമകൃഷ്ണൻ കൈമാറാനായി കൊണ്ടുവന്നത്. അവരുടെ കൈയിലുണ്ടായിരുന്ന പണം ബാങ്കിൽ കൊണ്ടുപോയി ഇടുമെന്നാണ് കരുതിയത്. നിയമപരമല്ലാത്ത നിലപാട് സ്വീകരിച്ചിട്ടില്ല. കള്ളപ്പണമാണെങ്കിൽ രാമകൃഷ്ണനെ പിടിക്കണം. ആദായനികുതി പരിശോധന നടക്കുമ്പോൾ രാമകൃഷ്ണനും സ്ഥലത്ത് ഉണ്ടായിരുന്നു. അയാൾ കൈമാറിയത് എത്രരൂപയാണെന്ന് അറിഞ്ഞില്ല.കളളപ്പണമാണെങ്കിൽ ഇൻകംടാക്സ് കണ്ടുപിടിക്കട്ടെ. ഇൻകം ടാക്സുകാർ വരുമ്പോൾ ഇറങ്ങിയോടിയിട്ടില്ല. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നാലഞ്ചുപേർ വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പിൽ നിന്നാണെന്ന് പറഞ്ഞു. തുടർന്ന് ഞാൻ കാറിൽ കയറി ഓഫീസിലെത്തിയപ്പോഴാണ് ആദായ നികുതി വകുപ്പ് രാമകൃഷ്ണൻ കൈമാറിയ തുക പിടിച്ചെടുത്തതായും വീട് റെയ്ഡ് ചെയ്തതായും അറിയുന്നത്'-പി ടി താേമസ് വ്യക്തമാക്കി. തർക്കഭൂമി സംബന്ധിച്ച കരാറും മദ്ധ്യസ്ഥ വഹിച്ചതിന്റെ തെളിവുകളും തന്റെകൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പ് പണം പിടിച്ചെടുത്തത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ പി ടി തോമസ് എം എൽ എയും സ്ഥലത്ത് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർ എത്തിയതോടെ എം എൽ എ സ്ഥലം വിട്ടു എന്നാണ് ഉയർന്ന ആരോപണം.