stan-swamy

റാഞ്ചി: മഹാരാഷ്‌ട്രയിലെ കൊറേഗാവ്-ഭീമ ഗ്രാമത്തിൽ 2018ലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ജസ്യൂട്ട് പുരോഹിതനെ ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ് ചെയ്‌തു. 83 വയസുകാരനായ ഫാദർ സ്‌റ്റാൻ സ്വാമിയാണ് അറസ്‌റ്റിലായത്.റാഞ്ചിയിലെ വീട്ടിൽ നിന്നാണ് എൻ ഐ എ അധികൃതർ പുരോഹിതനെ അറസ്‌റ്റ് ചെയ്‌തത്.

റാഞ്ചിയിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മലയാളിയായ പുരോഹിതൻ നിരോധിത സംഘടനയായ സി.പി.ഐ- മാവോയിസ്‌റ്റിൽ അംഗമാണെന്ന് എൻ.ഐ.എ വെളിപ്പെടുത്തി. ഒരു സഹായി വഴി മാവോയിസ്‌റ്റ് സംഘടനാ വിപൂലീകരണത്തിന് ഇദ്ദേഹം പണം കൈപ്പ‌റ്റിയെന്നും ദേശീയ അന്വേഷണ ഏജൻസി പറഞ്ഞു. രേഖകളും മാവോയിസ്‌റ്റ് അനുകൂല ലേഖനങ്ങളും സ്‌റ്റാൻ സ്വാമിയുടെ കൈവശം നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻ ഐ എ അറിയിച്ചു.

എന്നാൽ താൻ കൊറേഗാവ് ഭീമയിൽ പോയിട്ടില്ലെന്നും ഇതുമായി ബന്ധമില്ലെന്നും എൻ.ഐ.എ തന്നെ 15 മണിക്കൂറോളം ചോദ്യം ചെയ്‌തതായും സ്വാമി പറഞ്ഞു. തനിക്ക് പ്രായാധിക്യത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചോദ്യം ചെയ്യൽ ഓൺലൈൻ വഴിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി സ്‌റ്റാൻ സ്വാമി അറിയിച്ചു. 2017 ഡിസംബർ 31ന് പൂനെയിൽ ഉണ്ടായ ആക്രമണവും അതിനെ തുടർന്ന് പിന്നീടുള‌ള ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് പുരോഹിതനെതിരായ കേസ്.

ആക്‌ടിവിസ്‌റ്റുകൾ യോഗം ചേർന്ന് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ഇതാണ് പി‌റ്റേന്ന് ഭീമ കൊറേഗാവ് യുദ്ധ അനുസ്‌മരണ സമ്മേളനത്തിനും ഒരാൾ മരിക്കാനും ഇടയാക്കിയതെന്ന് എൻ ഐ എ പറയുന്നു.

ഫാദർ സ്‌റ്റാൻ സ്വാമിയുടെ അറസ്‌റ്റോടെ ഭീമ കൊറേഗാവ് കേസിൽ പിടിയിലാകുന്ന ഏ‌റ്റവും പ്രായമേറിയ ആളായി അദ്ദേഹം മാറി. സംഭവത്തിനെതിരെ പ്രമുഖ അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ പ്രശാന്ത് ഭൂഷൺ ട്വീ‌റ്ററിലൂടെ പ്രതിഷേധിച്ചു. ആദിവാസികളുടെ ജീവനും ജീവനോപാധിയും അടിച്ചമർത്തി ഖനന കമ്പനികൾക്ക് ലാഭമുണ്ടാക്കി കൊടുക്കുവാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയും പ്രതികരിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലുള‌ളവരാണ് അറസ്‌റ്റിനെതിരെ ശക്തിയായി പ്രതികരിച്ചത്.

മുൻപ് ആക്‌ടിവിസ്‌റ്റും അഭിഭാഷകയുമായ സുധ ഭരദ്വാജിനെയും ഈ കേസിൽ അറസ്‌റ്റ് ചെയ്‌തിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിന് ഇവർ ശ്രമിച്ചെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല.