
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. വ്യാജ ബില്ലുകളിലൂടെ ചായ്‌ബാസ ട്രഷറിയിൽ നിന്ന് 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ മൂന്ന് കേസുകൾ കൂടി നിലവിലുള്ളതിനാൽ പുറത്തിറങ്ങാൻ സാധിക്കില്ല.
കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ ലാലുപ്രസാദ് യാദവ് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ആരോഗ്യനില മോശമായതിനാൽ രണ്ട് വർഷമായി അദ്ദേഹം ആശുപത്രിയിലാണ്. ഇതിനെ പരിഹസിച്ച് കഴിഞ്ഞദിവസം ബി.ജെ.പി രംഗത്തെത്തിയിരുന്നു.
രോഗിയായി രണ്ടുവര്‍ഷക്കാലം ആശുപത്രിയില്‍ കഴിഞ്ഞ ആര്‍.ജെ.ഡി.നേതാവ് എല്ലാ റെക്കോഡുകളും ഭേദിച്ചിരിക്കുകയാണെന്നായിരുന്നു പരിഹാസം. അദ്ദേഹത്തെ ഉടന്‍ തന്നെ ജയിലിലേക്ക് തിരിച്ചയയ്ക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.