
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഘട്ടം ഘട്ടമായി കോർപ്പറേറ്റുകൾക്ക് അടിയറ വച്ചു കഴിഞ്ഞു. കാർഷിക രംഗം കൂടി നഷ്ടപ്പെട്ടാലുളള ഇന്ത്യൻ അവസ്ഥയെ മറി കടക്കാൻ നമുക്കെന്ത് ചെയ്യാൻ കഴിയുമെന്ന ആലോചനയും പരിഗണിക്കപ്പെടേണ്ടതാണ്. ഇവിടെയാണ് അന്തിച്ചന്തകൾ പ്രസക്തമാവുന്നത്. ഗ്രാമീണ ചന്തകൾ മറ്റ് ഇന്ത്യൻ ഗ്രാമങ്ങളിലെന്നപോലെ കേരളത്തിലും ധാരാളമുണ്ടായിരുന്നു. ഇന്നും പലപ്രദേശങ്ങളിലും നിലനിൽക്കുന്നുമുണ്ട്.
കേരളത്തിൽ മദ്ധ്യകാലഘട്ടത്തിലാണ് ചന്തകൾ ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. മൂന്നുതരത്തിലുളള വ്യാപാരകേന്ദ്രങ്ങളാണ് ഇന്ത്യയിൽ മറ്റ് ഇടങ്ങളിലെപ്പോലെ കേരളത്തിലും ഉണ്ടായിരുന്നത്. പ്രാദേശിക വിപണന കേന്ദ്രം, വിദൂരവാണിജ്യകേന്ദ്രം, വിദേശവാണിജ്യകേന്ദ്രം എന്നിങ്ങനെ.
പ്രാദേശിക വാണിജ്യകേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ വസ്തുക്കളും വിൽക്കപ്പെടുമ്പോൾ വിദൂര വാണിജ്യകേന്ദ്രത്തിൽ നാണ്യവിളകളും തുണിത്തരങ്ങളും വിൽക്കപ്പെടുന്നു.വിദേശ വാണിജ്യകേന്ദ്രം സുഗന്ധവ്യഞ്ജനങ്ങൾക്ക് മാറ്റിവച്ചിരുന്നു. ആദ്യ ഇനത്തിൽപ്പെട്ട വാണിജ്യകേന്ദ്രം ചന്ത എന്നപേരിലും രണ്ടാമത്തെകേന്ദ്രം അങ്ങാടി അഥവാ ബസാർ എന്നും അറിയപ്പെടാൻ തുടങ്ങി.
കേരളത്തിൽ പലയിടത്തും കാലിച്ചന്തകൾ ഈയടുത്ത കാലം വരെ നിലനിന്നിരുന്നു. അപൂർവം ചിലയിടങ്ങളിൽ ഇന്നും നിലനിൽക്കുന്നുമുണ്ട്. വാണിയംകുളത്തെ കാലിച്ചന്ത, ഓച്ചിറ കാലിച്ചന്ത എന്നിവ അക്കാലത്തെ പേരുകേട്ട ചന്തകളായിരുന്നു. ഉത്സവത്തോടനുബന്ധിച്ചുളള ചന്തകളിൽ ഉത്തരകേരളത്തിനുമുണ്ട് ഏറെ പറയുവാൻ. നീലേശ്വരം മന്ദംപുറത്ത് കാവിലെ ചന്ത വലിയതോതിലുളള പ്രാദേശിക വാണിജ്യകേന്ദ്രമായിരുന്നു. ഒരുവർഷത്തേക്ക് ആവശ്യമുളളതും മാർക്കറ്റിൽ സുലഭമല്ലാത്തതുമായ ചില വസ്തുക്കൾ മന്ദംപുറത്ത് കാവിലെ ചന്തയിൽ നിന്ന് വാങ്ങി സൂക്ഷിക്കുന്ന പതിവ് ആ പ്രദേശത്തുകാർക്കുണ്ട് .
ആഴ്ച ചന്തകൾക്ക് ഉത്തരകേരളത്തിൽ ഏറെ സ്വാധീനമുണ്ടായിരുന്നു. കർണാടകത്തിന്റെ സാമീപ്യമായിരിക്കാം ഇത്തരം ചന്തകൾ ഇവിടെ പ്രചരിക്കാനുളള പ്രധാന കാരണം. ഇന്നും നിലനിൽക്കുന്ന പല ചന്തകൾക്കും നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. അരി, വെറ്റില, അടയ്ക്ക, തേങ്ങ, കുരുമുളക്, തുണിത്തരങ്ങൾ, പുളി, ഉണക്ക മത്സ്യം, പച്ചമത്സ്യം, ധാന്യങ്ങൾ, കളിപ്പാട്ടങ്ങൾ, മര ഉത്പന്നങ്ങൾ, കൂവപ്പൊടി, ചെരുപ്പ്, സൂചിയും നൂലും, അരയിൽ കെട്ടുന്ന നൂല്, പച്ചക്കറി (കായ മുതലായവ) തുടങ്ങിയ സാധനങ്ങൾ ആഴ്ച ചന്തകളിലൂടെ വിതരണം ചെയ്തിരുന്നു. ചായക്കച്ചവടവും, ക്ഷൗരവൃത്തിയും, പല്ല് പറിക്കലുമൊക്കെ ആഴ്ച ചന്തയിൽ ഉണ്ടായിരുന്നു എന്നറിയുമ്പോൾ പുതിയ തലമുറ അത്ഭുതപ്പെടും.
കൊവിഡാനന്തര വികസനത്തിന് ഉതകുന്നരീതിയിൽ തദ്ദേശീയ ഭക്ഷ്യധാന്യങ്ങളുടെ വിപണനത്തിന് പുറമെ , മലക്കറി , പച്ചക്കറി, ഇലക്കറി തദ്ദേശീയ കൈത്തൊഴിൽ ഉത്പന്നങ്ങൾ, കൈത്തറി തുണിത്തരങ്ങൾ, ചൂല്, മൺപാത്രങ്ങൾ, മരം കൊണ്ടുളളതും ലോഹം കൊണ്ടുളളതുമായ മറ്റ് ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ ക്രയവിക്രയം നടത്താനുതകുന്ന ഒരിടമായി അന്തിച്ചന്തയെ മാറ്റാൻ പറ്റും. വൈകീട്ട് 5മണിക്കാരംഭിച്ച് 9മണിക്കവസാനിക്കുന്ന രീതിയിൽ ചന്തയുടെ പ്രവർത്തനം ക്രമീകരിച്ചാൽ തൊഴിലിനുപോകുന്നവർക്കും സകൂൾ കുട്ടികൾക്കും ഇതിൽ പങ്കാളികളാവാൻ പറ്റും.
തദ്ദേശീയമായി നിർമ്മിക്കുന്നതും പരിസ്ഥിതിക്കിണങ്ങുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച്  മനോഹരമായി വില്പനകേന്ദ്രങ്ങൾ രൂപപ്പെടുത്തിയാൽ അന്തിച്ചന്തകളെ ഒരു സാമൂഹ്യ സാംസ്കാരിക കേന്ദ്രമായും മാറ്റാവുന്നതാണ്.
ആളുകൾ ഒത്തുചേരുന്ന സ്ഥലമായതിനാൽ വിനോദോപാധികൾക്കുള്ള ഒരിടമായും ഇതിനെ കാണണം. ഗ്രാമത്തിൽ അന്യം നിന്ന്പോവുന്ന തനത് ഭക്ഷ്യവിപണനം ഉൾപ്പെടുത്തി തട്ടു കടകൾക്കും ചന്തയിൽ ഇടം കൊടുത്താൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയും. ഗ്രാമത്തിലെ ജനങ്ങളുടെ കൂട്ടായ്മയായതിനാൽ ഭക്ഷ്യ വിഭവങ്ങൾക്കു കൂടുതൽ വിശ്വാസ്യതയും ലഭിക്കും. കേരളത്തിൽ പല പ്രദേശങ്ങളും തനത് ഭക്ഷണ സാധനങ്ങൾക്ക് പേരുകേട്ടതാണ് കുട്ടനാടൻ മീൻകറിയും തലശ്ശേരി ബിരിയാണിയുംകോഴിക്കോടൻ ഹൽവയും മറ്റും. അതിന്റെ ഉത്പാദനകേന്ദ്രത്തിൽ നിന്ന് തന്നെ വാങ്ങാൻ ആളുകൾ പറന്നെത്തും. ഉത്പാദകന്റെ ഉത്പന്നം അവർ തന്നെനേരിട്ട് വില്പനയ്ക്ക് കൊണ്ടുവരുമ്പോൾ മദ്ധ്യവർത്തികൾ ഒഴിവാക്കപ്പെടുന്നു. ഇത്  ഉപഭോക്താവിന് ഉത്പന്നങ്ങളെ വിശ്വസിച്ച് വാങ്ങിക്കാനുള്ള അവസരം കൂടി ഉണ്ടാക്കുന്നു. ഉത്പാദകന് കൂടുതൽ ലാഭം കിട്ടാനും ഇടവരുത്തുന്നു.
ഗ്രാമച്ചന്തകളും അന്തിച്ചന്തകളുംകൊവിഡാനന്തര ഗ്രാമീണ ജീവിതത്തിന് ഏറെ തിളക്കം വർദ്ധിപ്പിക്കും. കൊവിഡുകാലത്തുണ്ടായ നഷ്ടങ്ങൾക്കും സാമൂഹികമായ ഒറ്റപ്പെടലിനും ഏറെ പരിഹാരമാവും അന്തിച്ചന്തകൾ. അന്തിച്ചന്തകളിൽ വില്പനയ്ക്ക് വരുന്ന വസ്തുക്കൾ പലതും സാധാരണ കടയിൽ നിന്ന് ലഭ്യമാകുന്നവയല്ലാത്തതിനാൽ കച്ചവടക്കാരുമായുളള മത്സരങ്ങൾ ഈ രംഗത്ത് ഒഴിവാകും. വലിയ കെട്ടിടങ്ങളോ മറ്റ്  ഭൗതിക സാഹചര്യങ്ങളോ അന്തിച്ചന്തകൾക്ക് ആവശ്യമില്ല. വൃത്തിയും ഭംഗിയുമുളള തുറസ്സായ സ്ഥലവും വൈദ്യുതി വെളിച്ചവും ശുദ്ധജല ലഭ്യതയും ശുചിമുറികളും ഓപ്പൺ എയർ ഓഡിറ്റോറിയവും അന്തിച്ചന്തകളുടെ പെരുമ വർദ്ധിപ്പിക്കും.
ഗ്രാമത്തിലെ ജനങ്ങളുടെ കൂട്ടായ്മയിലുദിക്കുന്ന ആശയമായതിനാൽ കൈമാറ്റ വ്യവസ്ഥയിൽപോലും ക്രയവിക്രയം നടത്താൻ ഗ്രാമച്ചന്തകളെ ഉപയോഗപ്പെടുത്താം. ഉപയോഗിച്ച വസ്തുക്കളെയും ചന്തയിൽവില്പനയ്ക്ക് വയ്ക്കാം. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന വസ്തുക്കൾ അന്വേഷിച്ചു നടക്കുന്ന നിരവധി ആളുകളെ ചന്തയിലേക്ക് ആകർഷിക്കാനും ഇതു കൊണ്ട് കഴിയും.
(ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് റീജണൽ ചാപ്റ്റർ കൺവീനറാണ് ലേഖകൻ )