
നമ്മുടെ വ്യാവസായിക കാർഷിക വിദ്യാഭ്യാസ രംഗങ്ങളെല്ലാം സംഘപരിവാറിന്റെ ആപൽക്കരങ്ങളായ ആശയങ്ങൾ നടപ്പിലാക്കാൻ പാകത്തിലുള്ള നിയമ നിർമ്മാണത്തിലൂടെ നരേന്ദ്രമോദി സർക്കാർ മന്നോട്ടു പോകുകയാണ്.
ഏറ്റവും ഒടുവിൽ അവർ മനുവിന്റെ നീതി നിർവഹണത്തിന് അനുസൃതമായി ക്രിമിനൽ നിയമഭേദഗതികൾ മാറ്റി ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കാൻ തുടക്കം കുറിക്കുകയാണ്. 2019 ഡിസംബർ ആദ്യവാരം ഇന്ത്യയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗം നടന്നു.
പ്രധാനമന്ത്രിയെ കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
നിലവിലുള്ള ക്രിമിനൽ നിയമങ്ങളും ചട്ടങ്ങളും (ഇന്ത്യൻ പീനൽ കോഡ്, കോഡ് ഒഫ് ക്രിമിനൽ പ്രൊസിഡ്യുർ ) നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ ഫലപ്രദമല്ലെന്നും അതിനാൽ ഭേദഗതി ചെയ്യണമെന്നമുള്ള വാദം ഉയർന്നു വന്നു. ഇതിനാവശ്യമായ 'വൈചാരിക് കുംഭ് "- ഗൗരവമായ ഒരു ചിന്തയ്ക്ക്- രൂപം നൽകണമെന്നും അഭിപ്രായമുയർന്നു.
ആർ.എസ്.എസ് കാരുടെ സമ്മേളനങ്ങളിൽ കേൾക്കുന്ന
'വൈചാരിക് കുംഭ ് " എന്താണെന്ന് അമിത് ഷാ യോഗത്തിൽ വിശദീകരിച്ചു.
ഹിന്ദു മത തത്വങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ ക്രിമിനൽ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി വരുത്താനുള്ള ചർച്ചകൾ 1998 മുതൽ പ്രവീൺ തൊഗാഡിയയും നരേന്ദ്രമോദിയും തമ്മിൽ നിരന്തരം നടന്നിരുന്നു. ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ ചർച്ചകൾ നടത്താൻ തൊഗാഡിയ 2000ൽ യു.പിയിൽ ഒരു സമ്മേളനം വിളിച്ചു കൂട്ടി. സമ്മേളനം മൂന്നു ദിവസം നീണ്ടു നിന്നു. ക്രിമിനൽ നിയമങ്ങളെ എങ്ങനെ പരിഷ്കരിക്കാം എന്ന വിഷയം അവർ സമഗ്രമായിചർച്ച ചെയ്തു.
അസാധാരണമായ ഒട്ടെറെ വിഷയങ്ങൾ ഈ സാഹചര്യത്തിൽ ഉയർന്നു വരുന്നു. നമ്മുടെ ഭരണഘടന രൂപം കൊണ്ട സന്ദർഭത്തിൽ ആർ.എസ്.എസ് നേതാവായ ഗോൾവാൾക്കർ പരസ്യമായി ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്തു.'ഈ ഭരണഘടനയിൽ മനുസ്മൃതിയുടെ സന്ദേശം അടങ്ങിയിട്ടില്ല. ഭാരതത്തിന്റേതായ ഒരു തത്വ സംഹിതയും അടങ്ങിയിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളിലെ ഭരണഘടനയിലെ ചില ഭാഗങ്ങൾ പകർത്തി എഴുതിയത് മാത്രമാണ് ഇന്ത്യൻ ഭരണഘടന" എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം . മോദിസർക്കാരിന്റെ നിയമഭേദഗതികൾ സൂചിപ്പിക്കുന്നത് 'ഗോൾവാൾക്കറു"ടെ സന്ദേശമാണ്.
മനുസ്മൃതിയുടെ ആശയങ്ങളിൽ മുഖ്യമായ ഘടകം സമൂഹത്തിൽ സ്ത്രീകൾക്ക് ഒരു തരത്തിലും സ്വാതന്ത്ര്യം അനുവദിക്കാൻ പാടില്ല എന്നതാണ്. 'ന: സ്ത്രീ സ്വാതന്ത്ര്യമർഹതി" എന്ന് അതു പറയുന്നു. ഈ ആദർശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം പുതിയ നിയമ നിർമ്മാണം നടത്തേണ്ടത് എന്ന് സംഘപരിവാർ ആവശ്യപ്പെടുന്നു. ഭരണഘടനാ ഭേദഗതികൾക്ക് രൂപം നൽകാൻ രൂപീകരിച്ച കമ്മിറ്റിയിൽ, സ്ത്രീ പ്രാതിനിധ്യം പൂർണമായും ഒഴിവാക്കി. കൂടാതെ രാജ്യത്തെ നീതി ന്യായ വ്യവസ്ഥിതി കൈകാര്യം ചെയ്യുന്ന അനുഭവസമ്പത്തുള്ള വ്യക്തികളെയും ചരിത്രകാരന്മാരെയും ഒഴിവാക്കി.
ഈ കമ്മിറ്റി പിരിച്ചു വിട്ടുകൊണ്ട് വിപുലമായ ഒരു സംവാദത്തിനും ജനപ്രതിനിധികൾക്കും സമൂഹത്തിലെ ഇതരസംഘടനകൾക്ക് തുറന്ന അഭിപ്രായ പ്രകടനം നടത്താനുമുള്ള അവസരം നൽകണമെന്ന അഭിപ്രായം ഉയർന്നു വരണം. സമഗ്രമായ ചർച്ചകൾ നടത്താൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരണം.രാജ്യത്തെ പ്രമുഖരായ ജഡ്ജിമാരും സുപ്രീംകോടതിയിലെ ഒട്ടേറെ അഭിഭാഷകരും, പ്രമുഖ ചരിത്രകാരന്മാരും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും സംയുക്തമായി സർക്കാരിന് നിവേദനം നൽകിക്കഴിഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന ഏതു നിയമവും രൂപം നൽകുന്നതിന് മുമ്പ് ജനങ്ങളുടെയും ജനപ്രതിനിധി സഭകളുടെയും സൂക്ഷ്മ പരിശോധനയ്ക്കും തുറന്ന ചർച്ചകൾക്കും വിധേയമാക്കേണ്ടതാണ്. നിർഭാഗ്യവശാൽ മോദി സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഏകപക്ഷീയമായി ക്രിമിനൽ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ അഞ്ച് അംഗങ്ങളുള്ള ഒരു സമിതിയെ രൂപീകരിച്ചു. 2020 മേയ് യിൽ കമ്മിഷൻ അംഗങ്ങളുടെ പേരുകൾ വെളിപ്പെടുത്തി.
കമ്മിറ്റിയിൽ സ്ത്രീ പ്രാതിനിധ്യം സാമൂഹ്യ – സാം സ്കാരിക രംഗങ്ങളിലെ പ്രാതിനിധ്യം എല്ലാം പൂർണമായി ഒഴിവാക്കി. മാത്രമല്ല രാജ്യം അത്യന്തം സംഭ്രമജനകമായ മഹാമാരിയിലമരുന്ന സന്ദർഭത്തിൽ ചർച്ചകൾക്കും; അഭിപ്രായങ്ങൾക്കും ഇടം നൽകാതെയുള്ള ഈ നീക്കം രാജ്യം ഉത്കണ്ഠയോടെയാണ് കാണുന്നത്. സമിതിയുടെ ഉദ്ദേശലക്ഷ്യവും, സമയ പരിമിതിയും (6 മാസം) സർക്കാർ നിശ്ചയിക്കുന്നു.
ഇന്ത്യൻ ജുഡിഷ്യറിയുടെ ഭാവി സംഘപരിവാറിന്റെ കൈകളിലെത്തുന്നതോടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയും ഗുരുതരമായി പ്രതിസന്ധിയിലാകും.