
ഖരന്റെ കല്പനപ്രകാരം രാമലക്ഷ്മണന്മാരെയും സീതയെയും നിഗ്രഹിക്കാനായി പതിനാലു രാക്ഷസപ്രമുഖർ പുറപ്പെട്ടു. അവർക്ക് വഴികാട്ടിയായി ശൂർപ്പണഖയും. പർണശാലയിൽ സീതയ്ക്കും ലക്ഷ്മണനുമൊപ്പം ശ്രീരാമൻ ഇരിക്കുന്നത് അവൾ രാക്ഷസസംഘത്തിന് കാട്ടിക്കൊടുത്തു. പർണശാലയിലിരുന്ന ശ്രീരാമൻ രാക്ഷസസംഘത്തിന്റെ വരവ് ശ്രദ്ധിച്ചു. ശൂർപ്പണഖയുടെ നേതൃത്വത്തിൽ അവർ വന്നതിന്റെ ലക്ഷ്യവും അദ്ദേഹം ഊഹിച്ചു. മന്ദഹാസത്തോടെ അനുജനെ നോക്കി രാഘവൻ ഇപ്രകാരം പറഞ്ഞു: പ്രിയലക്ഷ്മണാ നീ സീതയ്ക്ക് കാവലായി നിൽക്കുക. ശൂർപ്പണഖ കൂട്ടിക്കൊണ്ടുവന്നിരിക്കുന്ന രാക്ഷസന്മാരെ വൈകാതെ ഞാൻ കാലപുരിക്ക് അയച്ചോട്ടെ.
ജ്യേഷ്ഠന്റെ വാക്കുകൾ ശിരസാവഹിച്ച ലക്ഷ്മണൻ സീതയ്ക്ക് കാവലായിനിന്നു. ആക്രോശിച്ചും കോപാകുലരായും നിൽക്കുന്ന രാക്ഷസന്മാരെ നോക്കിയിട്ട് പൊന്നണിഞ്ഞ വൈഷ്ണവചാപം കുലച്ച്  ഒരു ശരമെടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: രാക്ഷസന്മാരേ, ദശരഥ പുത്രന്മാരായ രാമലക്ഷ്മണന്മാരാണ് ഞങ്ങൾ. കൂടെയുള്ളത് എന്റെ ഭാര്യ സീതാദേവി. ഞങ്ങൾ ദണ്ഡകാരണ്യത്തിൽവന്ന് തപസിരിക്കുകയാണ്. ആർക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല. ഈശ്വരനെ ഭജിച്ച് ഭഗവത് മന്ത്രങ്ങൾ ഉരുവിട്ട് ശാന്തിയോടെ കഴിയുന്നവരാണ് ഞങ്ങൾ. ആരെയും ദ്റോഹിക്കാത്ത ഞങ്ങളെ ആക്രമിക്കാൻ തുനിയുന്നത് എന്തിനാണ്? തപോവിഘ്നം വരുത്താൻ  ഒരുസംഘം രാക്ഷസന്മാർ മുതിരുകയാണെന്ന്  ഋഷീശ്വരന്മാർ പറഞ്ഞു. ശത്രുബാധ ഒഴിവാക്കി അവർക്ക് സ്വസ്ഥമായി തപസ് ചെയ്യാൻ അവസരമൊരുക്കണമെന്നും അവർ അപേക്ഷിച്ചിരിക്കുകയാണ്. അതനുസരിച്ചാണ് ഇവിടേക്ക് വന്നത്.വില്ലും ശരവുമായി എതിരിടാനുള്ള കെല്പുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ മടിക്കേണ്ട. പിൻതിരിയാതെ നിൽക്കുക. മറിച്ച് ജീവനിൽ കൊതിയുണ്ടെങ്കിൽ പിന്മാറി വന്ന വഴിയേ മടങ്ങുന്നതാണ് അഭികാമ്യം.
മന്ദഹാസത്തോടെ ശാന്തസ്വരത്തിലായിരുന്നു ശ്രീരാമവചനങ്ങൾ. യുദ്ധത്തിനൊരുങ്ങിനിൽക്കുന്ന രാക്ഷസസംഘത്തിന് അത് തീരെ ദഹിച്ചില്ല.എരിതീയിൽ എണ്ണയൊഴിക്കുംപോലെയാണ് അവർക്ക് തോന്നിയത്. അഹങ്കാരഭാവത്തിലും സ്വരത്തിലും അവർ പറഞ്ഞു: രാക്ഷസേന്ദ്രനായ ഖരനാണ് ഞങ്ങളെ ഇങ്ങോട്ട് നിയോഗിച്ചത്. അദ്ദേഹത്തിനും സഹോദരി ശൂർപ്പണഖയ്ക്കും അനിഷ്ടമാണ് നിങ്ങൾ ചെയ്തത്. നിങ്ങളുടെ ഉയിരെടുക്കാനാണ് ഞങ്ങളെത്തിയിരിക്കുന്നത്. ഞങ്ങളോട് പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് കഴിയില്ല. ഞങ്ങളുടെ പക്കലുള്ള ആയുധങ്ങളും വീര്യവും ശ്രദ്ധിച്ചോ.
കോപാന്ധരായ രാക്ഷസന്മാർ ഒന്നിച്ച് അണിനിരന്നു. അവരുടെ അഹങ്കാരവും ആർത്തട്ടഹാസങ്ങളും കണ്ടപ്പോൾ ശ്രീരാമന് ചിരിയാണ് വന്നത്. ശ്രീരാമന്റെ നേർക്ക് അവർ പതിനാല് ശൂലങ്ങൾ വലിച്ചെറിഞ്ഞു. അത് ആകാശത്തിൽ ജ്വലിച്ച് പാഞ്ഞു. ശ്രീരാമൻ പൊന്നണിഞ്ഞ വില്ലിൽ മൂർച്ചയേറിയ ശരങ്ങൾ തൊടുത്തു. രാക്ഷസന്മാരുടെ ശൂലങ്ങൾ ഒന്നിച്ചു തകർന്നു വീണു. പിന്നെ ശ്രീരാമൻ പൊന്നണിഞ്ഞ് പീലികെട്ടിയ ശരങ്ങൾ എയ്തു. അവ ചീറിപ്പാഞ്ഞ് പതിനാലു രാക്ഷസന്മാരുടെയും മാറിടം പിളർന്നു. ചോരയിൽ പതിച്ച വന്മരങ്ങൾ പോലെ അവർ വീണു മരിച്ചു. ഇപ്പോൾ മൂവരെയും നിഗ്രഹിച്ച് രക്തപാനം നടത്താമെന്ന് മനക്കോട്ട കെട്ടിയ ശൂർപ്പണഖയ്ക്ക് ഭയം തോന്നി. അതു മറയ്ക്കാനെന്നോണം അവൾ കോപം കൊണ്ടലറി. ഖരന്റെ സന്നിധിയിലേക്ക് പാഞ്ഞു. അല്പമുണങ്ങി നിറം മങ്ങിയ രക്തക്കറയോടെ വിലപിച്ചു കൊണ്ട് സഹോദരന്റെ മുന്നിൽ മോഹാലസ്യപ്പെട്ടുവീണു. മൂന്നുപേരെയും നിഗ്രഹിക്കുമെന്ന് വീമ്പിളക്കിയ പതിനാലു രാക്ഷസന്മാരും അഗ്നിയിൽ പെട്ട ഈയാംപാറ്റകളെപ്പോലെ ഒടുങ്ങിയകാര്യം അവൾ ദയനീയസ്വരത്തിൽ അവതരിപ്പിച്ചു.
(ഫോൺ: 9946108220)