
ഏതായാലും ഒരു പരീക്ഷണത്തിന് തയ്യാറായി മേശപ്പുറത്ത് നിന്ന് ഗ്ളാസെടുത്ത് കുപ്പിയിൽ നിന്നും അൽപ്പം ഒഴിച്ചുവച്ചു. തെളിഞ്ഞ പച്ചവെള്ളം പോലെ അത് ഗ്ളാസിന്റെ അടിഭാഗത്ത് തിളങ്ങിനിന്നു. ഇതെത്രയാ അളവ്? ഇത് കഴിച്ച് കുഴഞ്ഞ് കിടക്കേണ്ടി വന്നാലോ? കിടക്കാൻ മുറിയൊരുക്കി. ഛർദ്ദിക്കുകയാണെങ്കിൽ പുറത്തെ മാവിൻചുവട് നോക്കിവച്ചു. വഴിയിലുള്ള തടസങ്ങളൊക്കെ മാറ്റിയിട്ടു, ഓടുമ്പോഴെങ്ങാനും തട്ടി വീണാലോ? ഗ്ളാസ് ചുണ്ടോട് ചേർത്തപ്പോൾ ചെവിയിലിരുന്ന് ആരോ മുരളുന്നു...
വീടിന് പുറകിലെ വരാന്തയിൽ അടുക്കളസാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് തയ്യാറാക്കാൻ ഇരുന്നപ്പോൾ ബെക്കാർഡി വൈറ്റ് റം എന്ന് എഴുതിവച്ച ഒരു കുപ്പി അച്ഛൻ എന്റെ മുന്നിലെ മേശപ്പുറത്ത് കൊണ്ടുവച്ചു.
അത്ഭുതത്താൽ എന്റെ കണ്ണ് തള്ളിപ്പോയി.
''എനിക്കാണോ...?""
തള്ളിയ കണ്ണിനെ പിന്നിലേക്ക് വലിച്ചുകൊണ്ട് ചോദിച്ചപ്പോൾ അച്ഛൻ മറുപടിയും പറഞ്ഞു:
''ങാ... വേണമെങ്കിൽ എടുക്കാം.""
തൊട്ടപ്പുറത്തെ അരഭിത്തിയിലെ ഇരിപ്പിടത്തിൽ കാലുനീട്ടിയിരുന്ന് ലാപ്ടോപ്പിൽ യുട്യൂബിലെ പുതിയ പാചക പരീക്ഷണങ്ങൾ പഠിച്ച് പാകപ്പെടുത്തുന്നതിനിടയിൽ അമ്മ ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. നോക്കി നോക്കി ഇരിക്കെ നാൽപ്പതുകളിലെത്തിയ എന്നിലെ കുരുത്തംകെട്ട കുട്ടിയെ ബെക്കാർഡി വശീകരിക്കുന്നു എന്നൊരു തോന്നൽ. ഇതിൽനിന്നൽപ്പം കഴിച്ച്, വീട്ടിലൊക്കെ ഞാൻ ആടിക്കുഴഞ്ഞ് നടക്കുന്നതായി ഒന്ന് സങ്കൽപ്പിച്ചു നോക്കി. ചിലപ്പോൾ ഛർദ്ദിച്ച് വൃത്തികേടാക്കിയേക്കാം.
ഏതായാലും ഒരു പരീക്ഷണത്തിന് തയ്യാറായി മേശപ്പുറത്ത് നിന്ന് ഗ്ളാസെടുത്ത് കുപ്പിയിൽ നിന്നും അൽപ്പം ഒഴിച്ചുവച്ചു. തെളിഞ്ഞ പച്ചവെള്ളം പോലെ അത് ഗ്ളാസിന്റെ അടിഭാഗത്ത് തിളങ്ങിനിന്നു. ഇതെത്രയാ അളവ്? ഇത് കഴിച്ച് കുഴഞ്ഞ് കിടക്കേണ്ടി വന്നാലോ? കിടക്കാൻ മുറിയൊരുക്കി. ഛർദ്ദിക്കുകയാണെങ്കിൽ പുറത്തെ മാവിൻചുവട് നോക്കിവച്ചു. വഴിയിലുള്ള തടസങ്ങളൊക്കെ മാറ്റിയിട്ടു, ഓടുമ്പോഴെങ്ങാനും തട്ടി വീണാലോ? ഗ്ളാസ് ചുണ്ടോട് ചേർത്തപ്പോൾ ചെവിയിലിരുന്ന് ആരോ മുരളുന്നു.
''വെള്ളം ചേർക്ക്  ഇല്ലെങ്കിൽ കൂമ്പ് വാടിപ്പോകും.""
ഗ്ളാസിലേക്ക് വെള്ളം ഒഴിച്ച് നേർപ്പിക്കുമ്പോൾ അമ്മ പാളിനോക്കുന്നത് കണ്ടു. എങ്കിലും ഒന്നും സംഭവിക്കാത്തപോലെ ആ 'പച്ചവെള്ളം" കണ്ണുമടച്ച് ഒറ്റയടിച്ച് വലിച്ച് കുടിച്ചു.
എന്റെ മുഖത്തെ ഭാവങ്ങൾ ഭാവിച്ചതാണോ ഉള്ളതാണോ എന്ന ശങ്കയിൽ സംശയത്തോടെ അമ്മ എന്നെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഞാൻ കണ്ണിറുക്കി, സത്യം തന്നെ കഴിച്ചിട്ടുണ്ട് എന്ന മട്ടിൽ ഞാൻ തലയാട്ടി ചിരിച്ചു.
അമ്മ വിശ്വസിച്ചോ ആവോ... മിനുട്ടുകൾ കടന്നുപോവുന്നു... 5 മിനിറ്റ്.... 10 മിനിറ്റ്... സമയം പിന്നെയും കുറേ കഴിഞ്ഞുപോയി, പക്ഷേ ഒന്നും സംഭവിക്കുന്നില്ല. വിറയലോ തരിപ്പോ സിരകളെ ഉന്മത്തമാക്കുന്ന ഒരു ആലിംഗനമോ കാത്തുകാത്ത് ഞാൻ നിരാശയിലേക്ക് അക്ഷമയോടെ കൂപ്പുകുത്തുമ്പോഴാണ് സുഗുണനെ ശ്രദ്ധിച്ചത്. വരാന്തയ്ക്ക് തൊട്ടടുത്തുള്ള ചെറുതെങ്ങിന്റെ മണ്ട വൃത്തിയാക്കിയശേഷം കാർബോസൾഫാനും മണലും കൂട്ടിക്കലർത്തി പാറ്റ ഗുളികയും ചേർത്ത് ഓലക്കവിളുകളിൽ നിറയ്ക്കുകയാണ് അവൻ. കഴുത്തിൽ മണൽ നിറഞ്ഞ് ഉരഞ്ഞുരഞ്ഞ് വേദന തിന്ന് പ്രാണൻ ഒടുങ്ങുന്ന കൊമ്പൻ ചെല്ലിയെ ഓർത്തപ്പോൾ സുഗുണനോട് വല്ലാത്ത ദേഷ്യം തോന്നി.
വലിയൊരു ദൗത്യം പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യത്തോടെ സുഗുണൻ ചായ കുടിക്കാൻ കയറിവരുമ്പോൾ അവനേക്കാൾ മുന്നേ വരാന്തയിൽ കയറിയിരുന്നത് പാറ്റാഗുളികകളുടെ ഗന്ധവും ചുമന്നുകൊണ്ടുവന്ന കാറ്റായിരുന്നു.
ഒരു നിമിഷം ഞാൻ അമ്മയുടെ പഴയ മരഅലമാരയിലെ പാറ്റാഗുളികയുടെ ഗന്ധം നിറഞ്ഞ് ശ്വാസം മുട്ടിപ്പിടയുന്ന കാറ്റിനേക്കുറിച്ചോർത്തു. അലമാരപ്പിടിയിൽ പിടിച്ച് തുറക്കാൻ തുടങ്ങുമ്പോഴേക്കും വാതിൽ തള്ളിത്തുറന്നുവന്ന് കാറ്റ് എന്നെ വട്ടം ചുറ്റി പുണരുമായിരുന്നു. ഓർമ്മകളുടെ സുഗന്ധം വാരിപ്പുതപ്പിക്കുന്ന ഒരു പൊഞ്ഞാറ്. സുഗുണന്റെ ശബ്ദം കൊണ്ട് എന്റെ ഓർമ്മകൾ മുറിഞ്ഞുപോയി.
''നിങ്ങൾക്ക് ഇതും നോക്കിയിരിക്കുന്ന നേരത്ത് വല്ല രാമായണവും വായിച്ചൂടേ...""
ചോദ്യം അമ്മയോടാണ്.

ഭക്ഷണം അടിക്കുപിടിക്കാതിരിക്കാൻ കൊടുക്കുന്ന ശ്രദ്ധയോടെ പാചകം കുറിച്ചെടുക്കുന്നതിനിടയിൽ ആ ചോദ്യമൊന്നും അമ്മ കേട്ടില്ല. പക്ഷേ, അവനങ്ങനെ ചോദിച്ചത് എനിക്കിഷ്ടപ്പെട്ടില്ല. പലപ്പോഴും സ്വാദോടെ മുന്നിൽ കൊണ്ടുവച്ചപ്പോൾ ആസ്വദിച്ച നിമിഷങ്ങളെക്കുറിച്ചെങ്കിലും അവൻ ഓർക്കണമായിരുന്നു. വരാന്തയിൽ ഇരുന്നപ്പോൾ അവിടേക്ക് നീണ്ടുചെരിഞ്ഞെത്തിയ വെയിലിൽ അവന്റെ മുഖം മഞ്ഞിച്ചു. കണ്ണുകളിൽ വെയിൽ കുത്തിയപ്പോൾ അൽപ്പം മാറിയിരുന്നുകൊണ്ട് അവൻ പറഞ്ഞു:
''ഈ വെയിൽ എന്നെ അടിക്കുന്നു...""
അതുകേട്ടപ്പോൾ എനിക്ക് ചിരിപൊട്ടി... ചിരിച്ചുകൊണ്ടുതന്നെ തിരുത്തിക്കൊടുത്തു:
''എന്നെ അടിക്കുന്നു എന്ന് പറയരുത്. വെയിൽ അടിക്കുന്നു അത്ര മതി.""
ജാള്യതയുടെ മേൽ പരിഭവത്തിന്റെ ആവരണം എടുത്തണിഞ്ഞ് എന്റെ വാക്കുകളെ നിസാരമാക്കി അവൻ പറഞ്ഞു:
''ഞാൻ എന്തായാലും കഥയൊന്നും എഴുതാൻ പോവുന്നില്ലല്ലോ, പിന്നെന്തിനാ... നിങ്ങള് എഴുതിയിട്ടുണ്ടെങ്കിൽ തന്നെ എനിക്കൊന്നും വായിക്കാൻ കിട്ടിയിട്ടുമില്ല.""
കഥ കൊടുക്കുന്നതിന് പകരം ചായയും പലഹാരവും ഞാൻ അവന്റെ മുന്നിൽ കൊണ്ടുവെച്ചു.
എന്നിട്ട് ഒരു മറുപടി പറയാൻ ശ്രമിക്കുമ്പോഴേക്കും അച്ഛൻ അവന്റെ നേരെ കുപ്പി നീട്ടിക്കൊണ്ട് പറഞ്ഞു:
''മിനിഞ്ഞാന്നത്തെ മുത്തപ്പൻ വെള്ളാട്ടത്തിന് കൊണ്ടുവന്നതിൽ ബാക്കിയുള്ളതാ... ഇവിടെയാർക്കും ഇത് വേണ്ട.. നീയിത് വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോ.""
അവന്റെ മുഖത്തെ പരിഭവം ബെക്കാർഡിയെ കണ്ടപ്പോൾ അലിഞ്ഞുപോയി. ആ മുഖത്ത് ആയിരം പൂർണചന്ദ്രന്മാർ ഉദിച്ചുനിന്നു. അഹംഭാവത്തിന്റെ പടം പൊഴിഞ്ഞുവീഴുന്നതും മുഖം കൊച്ചുകുഞ്ഞിന്റേതുപോലെ നിഷ്ക്കളങ്കമാവുന്നതും കണ്ടു. മുന്നിലെ ഗ്ളാസിൽ നിന്ന് പാത്രത്തിലേക്ക് തിരിച്ച് ഒഴിച്ചുകൊണ്ട് സുഗുണൻ ചായയെ തള്ളിപ്പറഞ്ഞു.
''ഇന്ന് ചായ വേണംന്നില്ല, കുറേ കുടിച്ചതാണ്.""
അച്ഛന് തടയാൻ പറ്റുന്നതിന് മുന്നേ സുഗുണൻ ഒരു ഗ്ളാസെടുത്ത് അതിലേക്ക് അൽപ്പം ഒഴിച്ച് കുടിച്ചു. എന്നിട്ടൊരു ന്യായീകരണവും;
''ഒരു പ്രശ്നോവുമുണ്ടാവില്ല... എനിക്ക് നല്ല കപ്പാസിറ്റിയാ...""
ഞാൻ കഴിച്ചത്രപോലും അവൻ കഴിച്ചില്ല. എനിക്ക് ഭയങ്കര നിരാശ തോന്നി. അവൻ ഇഴഞ്ഞിഴഞ്ഞ് പോകുന്നത് കാണാമല്ലോ എന്ന് കരുതിയാണ്. വെറുതെയായി.
ഞാൻ, അടുക്കളസാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ വച്ച പേപ്പറിൽ ഇതത്രയും കുനുകുനാന്ന് എഴുതിവെച്ചു. തീർന്നിട്ടില്ല അൽപ്പം കൂടി എഴുതാനുണ്ട്. അതിനിടയിൽ സുഗുണനെ ഒന്നുനോക്കി. ഇരുന്നിടത്ത് കാണാനില്ല. തെങ്ങിന്റെ കൂമ്പ് ചീയലിന് പ്രതിവിധി ഉണ്ടാക്കാൻ വന്നിട്ട് സ്വയം കൂമ്പുവാടി സീറ്റിന് താഴെ അവൻ നിലത്തിരിക്കുന്നു.
കുഴഞ്ഞ നാവോടെയുള്ള അവന്റെ സംസാരം കേട്ടപ്പോൾ അറിയാതെ മനസിൽ ഒരു ചോദ്യം പൊങ്ങിവന്നു... ഞാൻ ബെക്കാർഡിയെയാണോ വിഴുങ്ങിയത്. അതോ ബെക്കാർഡി എന്നെയാണോ...?
ഞാൻ കൈയിലുള്ള കടലാസുതാളുകളിൽ വിരിഞ്ഞ അക്ഷരക്കുഞ്ഞുങ്ങളെ ഒന്നുനോക്കി വിരലോടിച്ചു.
എന്റെ ഈ നിമിഷങ്ങളുടെ അവകാശികൾ. നോക്കി നോക്കിയിരിക്കെ അക്ഷരക്കുഞ്ഞുങ്ങൾ എന്നിലേക്ക് ഉന്മത്തമായ ലഹരി പകർന്നുകൊണ്ടേയിരുന്നു.
''എനിക്ക് നല്ല കപ്പാസിറ്റിയാ...""
ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് കുപ്പിയെ മാറോടണച്ച് കുഴഞ്ഞ നാവോടെ സുഗുണൻ വീണ്ടും പറഞ്ഞു.
''എനിക്ക് നല്ല കപ്പാസിറ്റിയാ...""
അക്ഷരലഹരിയിൽ നിന്നുള്ള  ദോഷ്യം കൊണ്ടാണോ എന്നറിയില്ല.
''ഹേയ് മിസ്റ്റർ ദേ ഇങ്ങോട്ടൊന്ന് നോക്ക്....""
എന്ന് സ്വന്തം നെഞ്ചിനുനേരെ ചൂണ്ടി  ഉച്ചത്തിൽ പറയണമെന്ന് എനിക്ക് തോന്നി. സുഗുണൻ ഉന്നയിച്ച രണ്ടുകാര്യങ്ങളുടെയും ഉത്തരം അവന്  ഈ എഴുത്തിൽ നിന്ന് കിട്ടുമല്ലോ എന്നോർത്ത് പേപ്പർ നാലായി മടക്കി അവനുനേരെ നീട്ടി.
കുപ്പി കക്ഷത്തിൽ ഇറുക്കി രണ്ട് കൈയും നീട്ടി ദക്ഷിണപോലെ സ്വീകരിച്ചു. ഞാൻ അന്തം വിട്ട് നോക്കിനിൽക്കെ അവൻ അരുളപ്പാടരുളി.
''കള്ളും മീനും കഴിക്കുന്ന ദൈവം എന്റെ പൊന്നു മുത്തപ്പന് കൊടുക്കാൻ കൊണ്ടുവന്നതല്ലേ ഇത്. അഞ്ചും രണ്ടും ഏഴില്ലം, ഒമ്പതി, മയാമയം നാൽപ്പത്തിനാല് ഇല്ലം. ആറുനാട്ടിൽ നൂറ് ഭാഷയാണ്. ഞാനിരിക്കുന്നതാ പാത്രം പണ്ട് നദിയിൽ വീണിരുന്ന നേരം ചെറുതായിരിക്കുന്നിഹ വാഴത്തട പിടിച്ചിറ്റാന്ന് കരകേറിയത്... ആ വാഴത്തട തന്നെ വേണം വേറൊരു നദിയിൽ വീഴുമ്പോ... അത് കിട്ടിയാലേ പിടിച്ചുകേറാനാവൂ എന്ന് പറഞ്ഞറിയിക്കാനാവ്വോ....?""
ഒരുനിമിഷം ഞാൻ എന്നെ തന്നെ മറന്നുനിന്നുകൊണ്ട് പറഞ്ഞു,
''ഇല്ല.""
''അന്നേരം ഒരു വൈക്കോലിന്റെ കമ്പെങ്കിലും പിടിക്കും ല്ലേ പൈതങ്ങളേ....""
അറിയാതെ തലകുലുക്കി ഞാൻ.
അനന്തരം ഭാഷാന്തരങ്ങളുടെ സാഗരതീരത്ത് മണൽത്തരി എണ്ണാൻ എന്നെ തനിച്ചാക്കി ആ വിരാട് പുരുഷൻ നടന്നകന്നു.