poster

ഇരണ്ടാം കുത്ത് എന്ന അഡൾട്ട് കോമഡി ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയ്‌ലറും പുറത്തുവന്നതോടെ തമിഴ് സിനിമയിൽ പുതിയ വിവാദവും കൊഴുക്കുകയാണ്. ട്രെയിലറും പോസ്റ്ററുകളും അറപ്പുളവാക്കുന്നത് എന്ന വിമർശനവുമായി പ്രശസ്ത സംവിധായകൻ ഭാരതി​രാജയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

'പോസ്റ്റുകൾ കണ്ടാൽ കിടപ്പറ നേരിട്ട് തെരുവിലേക്ക് എത്തിച്ചതുപോലെ തോന്നും. ഇതുപോലുളള വൃത്തികേടുകൾ തമിഴ് സിനിമയിൽ ഒരിക്കലും ഉണ്ടായിക്കൂടാ. സർക്കാരും സെൻസർ ബോർഡും ഇക്കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണം. സിനിമ ഒരു വ്യവസായമാണെന്നത് ശരിതന്നെ. എന്നുകരുതി ഒരു പഴത്തെ പോലും വെറുപ്പുളവാക്കുന്ന അർത്ഥത്തിൽ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുന്ന വേദനാജനകമാണ്. അവരുടെ വീട്ടിലും സ്ത്രീകളില്ലേ.ഞാനിതിനെ അപലപിക്കുന്നു' -എന്നായിരുന്നു ഭാരതി​രാജയുടെ വിമർശനം.

ഭാരതിരാജയുടെ വിമർശനത്തെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി. ചിത്രത്തിനെതിരെ രൂക്ഷവിമർശനമാണ് അവർ ഉയർത്തിയത്. അതോടെ ഭാരതിരാജയ്ക്കും വിമർശകർക്കും എതിരെ സിനിമയുടെ സംവിധായൻ സന്തോഷ് പി ജയകുമാറും രംഗത്തെത്തി. രംഗം കൊഴുത്തു. വർഷങ്ങൾക്കുമുമ്പ് ഭാരതിരാജ സംവിധാനം ചെയ്ത 'ടിക് ടിക്' എന്ന സിനിമയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു സന്തോഷ് പി. ജയകുമാർ മറുപടി നൽകിയത്.ചിത്രത്തിലെ നായകനായ കമലഹാന് ചുറ്റും നായികമാർ ബിക്കിനിവേഷത്തിൽ നിൽക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. 'അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിറുത്തി ചോദിക്കുകയാണ്. ഇത് 1981 ൽ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയാണ്. ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് നാണം തോന്നുന്നില്ലേ?-എന്ന് സന്തോഷ് ചോദിക്കുകയും ചെയ്തു.

tik

വിമർശനവും എതിർവാദവുമായതോടെ വിവാദം അവസാനിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അത് അസ്ഥാനത്തായി. സന്തോഷിന്റെ പ്രസ്താവന തനിക്ക് അപകീർത്തികരമാണെന്നാരോപിച്ച് ഭാരതിരാജ വക്കീൽ നോട്ടീസ് അയച്ചു. ആറിത്തണുത്തുവെന്ന് കരുതിയിരുന്നു വിവാദം അതോടെ വീണ്ടും ചൂടുപിടിച്ചു. 2018 ൽ പുറത്തിറങ്ങിയ ഇരുട്ടു അറയിൽ മുരട്ടുകുത്ത് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇരണ്ടാം കുത്ത്.