
എസ്. മഹേഷ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'കാളിയന്റെ' പ്രഖ്യാപനം കഴിഞ്ഞിട്ട് രണ്ട് വർഷം പിന്നിട്ടു. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇതോടെ സിനിമ അണിയറ പ്രവർത്തകർ ഉപേക്ഷിച്ചോ എന്ന സംശയം പ്രക്ഷകർക്ക് ഉണ്ടാവുകയും ചെയ്തു. ആ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നിർമ്മാതാവ് രാജീവ് ഗോവിന്ദൻ.
സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് 'കമന്റിലൂടെ' വ്യക്തമാക്കി. കാളിയൻ ഉപേക്ഷിച്ചോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ഒരിക്കലുമില്ല' എന്നാണ് അദ്ദേഹം നൽകിയ മറുപടി. 2021ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പുതിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താവും ചിത്രീകരണം. തെന്നിന്ത്യൻ താരം സത്യരാജും സിനിമയുടെ ഭാഗമാകും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.ഇതിനിടയിൽ പൃഥ്വിരാജ് ആടുജീവിതം ഉൾപ്പെടെയുള്ള പ്രോജക്ടുകളുമായി തിരക്കിലായിരുന്നു.
