kaumudy-news-headlines

1. കള്ളപ്പണ ഇടപാടിനിടെ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം ആണ് എന്ന് പി.ടി തോമസ് എം.എല്‍.എ. തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി ഇടപാടിലെ തര്‍ക്കം പരിഹരിക്കാന്‍ അഞ്ചുമന അമ്പലത്തിന് അടുത്തുള്ള വീട്ടില്‍ പോയിരുന്നു. പിന്നീട് എം.എല്‍.എ ഓഫീസ്ില്‍ എത്തിയ ശേഷം ആണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആണ് എന്നും റെയ്ഡ് നടന്നു എന്നും അറിയുന്നത് എന്നും എം.എല്‍.എ. വാര്‍ഡ് കൗണ്‍സിലര്‍ മുഖേനെ ആണ് ഇവര്‍ തന്നെ സമീപിച്ചത്. വീട്ടുടമ രാജീവനില്‍ നിന്നാണ് 88 ലക്ഷം പിടികൂടിയത്. തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്ത അപകീര്‍ത്തികരം എങ്കില്‍ നിയമ നടപടി സ്വീകരിക്കും എന്നും പി.ടി തോമസ് പറഞ്ഞു


2 സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്നും, ഈഴവ സമുദായത്തെ സര്‍ക്കാര്‍ ചതിച്ചു എന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. അധസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചു എന്നും വെള്ളാപ്പള്ളി ആരോപിച്ചു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഉദ്ഘാടനം സര്‍ക്കാര്‍ രാഷ്ട്രീയ മാമാങ്കമാക്കി. ഉദ്ഘാടന ചടങ്ങില്‍ ഒരു എസ്.എന്‍.ഡി.പി ഭാരവാഹിയെ പോലും ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു
3 സര്‍വകലാശാല തലപ്പത്തെ നിയമനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചു. വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് ശ്രീ നാരായണീയരെ പരിഗണിച്ചില്ല. മലബാറിലെ പ്രവാസിയെ നിര്‍ബന്ധിച്ചു കൊണ്ടു വന്നു വി.സിയാക്കാന്‍ മന്ത്രി കെ.ടി ജലീല്‍ വാശി കാണിച്ചു. നവോത്ഥാനം മുദ്രാവാക്യം ആക്കിയ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇങ്ങനെയൊരു കാര്യം സംഭവിക്കാന്‍ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മത ശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്‌കാരമാകരുത് ഇടതുപക്ഷത്തിന്റേത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
4.പ്രോട്ടോകോള്‍ ലംഘന പരാതി വിവാദത്തെ കുറിച്ച് വിദേശകാര്യ വക്താവ് പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബി.ജെ.പിയില്‍ സംസ്ഥാനത്തെ കളളക്കടത്തിന്റെ കേന്ദ്രമാക്കുന്ന സി.പി.എമ്മിന് എതിരെ പടയൊരുക്കമുണ്ട്. ഒരു തരത്തിലുളള അഴിമതിയും സ്വജന പക്ഷപാതവും നടക്കാന്‍ രാജ്യത്തെവിടെയും അനുവദിക്കില്ല എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാട്. അത്തരം കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് നല്‍കേണ്ട ഇടത്ത് കൊടുക്കാം എന്നും പരാതി ഉളളവര്‍ക്ക് അതിന്റെ മറുപടി ലഭിക്കുമെന്നും മുരളീധരന്‍ അറിയിച്ചു
5. എന്താണ് പ്രോട്ടോകോള്‍ ലംഘനമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ആര്‍ക്ക് വേണമെങ്കിലും പരാതി നല്‍കാം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്ന് മുരളീധരന്‍ അറിയിച്ചു. അബുദാബിയില്‍ കേന്ദ്ര മന്ത്രിതല സമ്മേളനത്തില്‍ വി. മുരളീധരനൊപ്പം പി.ആര്‍ കമ്പനി മാനേജരും മഹിളാമോര്‍ച്ചാ നേതാവുമായ സ്മിത മേനോന്‍ പങ്കെടുത്തത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കാട്ടി ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി വിവരം ഇല്ലെന്ന് ആയിരുന്നു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്സവ ഇന്നലെ അറിയിച്ചത്
6. വാളയാര്‍ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്‍പില്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു പ്രതിപക്ഷ നേതാവ്. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുക ആണ്. വാളായാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി വഞ്ചിക്കുക ആണ് ചെയ്തത്. ഉത്തര്‍പ്രദേശ് പോലെ തന്നെ കേരളവും മാറി. പിണറായി വിജയനും യോഗി ആദിത്യനാഥും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉളളതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
7. വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിച്ച ഉദ്യോഗസ്ഥരെ കുറിച്ച് കുടുംബം ആരോപിച്ച കാര്യങ്ങള്‍ തന്നെയാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും കണ്ടെത്തിയിട്ടുള്ളത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് മാസങ്ങളായിട്ടും കാര്യമായ നടപടി ഉണ്ടായില്ല എന്നാണ് കുട്ടികളുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. കേസ് തുടക്കത്തില്‍ അന്വേഷിച്ച വാളയാര്‍ എസ്.ഐ പിസി ചാക്കോ, അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നര്‍ക്കോടിക് സെല്‍ ഡി.വൈ.എസ്.പി സോജന്‍ എന്നവരെ അടക്കം സര്‍വ്വീസില്‍ നിന്ന് പുറത്തക്കാണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത് .അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നല്‍കാനുളള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണം എന്നും കുടുംബം ആവര്‍ത്തിക്കുന്നു.ഇക്കാര്യം തടയണം എന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്.