
തിരുവനന്തപുരം: മാലിന്യങ്ങളും കുളവാഴകളും നിറഞ്ഞ് മലിനമായി കാലങ്ങളായി അവഗണനയുടെ കയ്‌പുനീര് കുടിക്കുന്ന ആക്കുളം കായലിന്റെ നവീകരണത്തിന് തുടക്കമാകുന്നു. ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂർണ നവീകരണം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച സമഗ്ര പദ്ധതി ഉടൻ തന്നെ തുടങ്ങും. പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് 64.13 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പരിസ്ഥിതി സൗഹാർദ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
രൂപരേഖ ബാർട്ടൺ ഹിൽ എൻജി.കോളേജിന്റേത്
പദ്ധതിയുടെ രൂപരേഖ ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിലെ ട്രാൻസിഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്ററാണ് തയ്യാറാക്കിയത്. കായലിലെ മാലിന്യങ്ങളും പായലും നീക്കി വൃത്തിയാക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. ആക്കുളം കായലിൽ നിലവിൽ മണ്ണ് ഉയർന്നുകിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളിൽ സ്വാഭാവികമായ ജലശുചീകരണ മാർഗങ്ങൾ ഒരുക്കും. ഇതിനൊപ്പം തന്നെ കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുന്ന പ്രവൃത്തിയും നടത്തും. കായലിലേക്കു വന്നുചേരുന്ന ഉള്ളൂർ തോട്, പട്ടം തോട്, പഴവങ്ങാടി തോട്, മെഡിക്കൽ കോളേജ് തോട് എന്നിവയുടെ നിശ്ചിതദൂരത്തിന്റെ നവീകരണം കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ബോട്ടിംഗ് പുനരാരംഭിക്കുകയും സാഹസിക വാട്ടർ സ്‌പോർട്സ് ഇനങ്ങൾക്ക് പ്രാധാന്യം നൽകിയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുമാകും. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി നടപ്പിലാക്കാനുള്ള പ്രത്യേക ഉദ്ദേശ്യ കമ്പനി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) ആയി തിരഞ്ഞെടുത്തിരിക്കുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസിനെയാണ്.
135 ചതുരശ്ര അടി
135 ചതുരശ്ര കിലോമീറ്ററാണ് ആക്കുളം കായലിന്റെ വ്യാപ്തി. ഉള്ളൂർ, പട്ടം, പഴവങ്ങാടി, മെഡിക്കൽ കോളേജ്, തെറ്റിയാർ എന്നിവ ചേരുന്നതാണ് ആക്കുളം കായൽ.
മുൻഗണന
 കായലിലെ മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുക
 നിലവിൽ മണ്ണ് ഉയർന്നു കിടക്കുന്ന കായൽ ഭാഗം ഹരിതാഭമായ ചെറു ദ്വീപാക്കി മാറ്റി ജലശുചീകരണ മാർഗങ്ങൾ ഒരുക്കുക
 കായലിലെ കുളവാഴയും മാലിന്യങ്ങളും നീക്കം ചെയ്യൽ
 ആക്കുളം പാലത്തിന് കീഴിലുള്ള ബണ്ട് മാറ്റൽ
 കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുക
 ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആംഫി തിയേറ്റർ, മാലിന്യ സംസ്‌കരണ സംവിധാനം, കുന്നിൻമുകളിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടം
 റെസ്റ്റോറന്റ് ബ്ലോക്കിന് അനുബന്ധമായി 12ഡി തിയേറ്റർ, മ്യൂസിക്കൽ ഫൗണ്ടൻ
 ബാംബൂ ബ്രിഡ്ജ്
 ഗ്രീൻ ബ്രിഡ്ജ്
 പരിസ്ഥിതി മതിലുകൾ
 ഇടനാഴികൾ
 കല്ലുകൾ പാകിയ നടപ്പാതകൾ
 സൈക്കിൾ ട്രാക്ക്