
ഒരു വലിയ പാത്രത്തിൽ ഇളം ചൂടുവെള്ളമെടുത്ത് അൽപം ഷാംപൂ ചേർത്ത് കാലുകൾ പത്തു മിനിറ്റ് നേരം അതിൽ മുക്കി വയ്ക്കണം. അതിനു ശേഷം പുറത്തെടുത്ത് പ്യൂമിക് സ്റ്റോണോ ഫൂട്ട് ബ്രഷോ കൊണ്ട് നന്നായി വൃത്തിയാക്കി തുടച്ചുണക്കുക. നല്ലെണ്ണ ഉപയോഗിച്ച് കാലുകളിൽ മസാജ് ചെയ്യുന്നതും വളരെ നല്ലതാണ്. നഖങ്ങൾക്കിടയിലെ അഴുക്കു കളയുന്നതിനും വിരലുകളുടെ വശങ്ങളിലെ കടുപ്പമുള്ള ചർമം ഒഴിവാക്കുന്നതിനും ബ്യൂട്ടി ഷോപ്പിൽ നിന്നും വാങ്ങാൻ കിട്ടുന്ന പെഡിക്യൂർ സെറ്റ് ഉപയോഗിക്കാം. അൽപം വെണ്ണയിൽ വൈറ്റമിൻ ഇ-ക്യാപ്സൂൾ പൊട്ടിച്ചൊഴിച്ച് കാലുകളിൽ നന്നായി മസാജ് ചെയ്യുന്നതു ചർമത്തിന്റെ തിളക്കം കൂട്ടും. മൊരിയും വരൾച്ചയും മാറി ചർമം മൃദുവാകുകയും ചെയ്യും. അൽപ്പം റവയും പാൽപ്പാടയും നാരങ്ങനീരും യോജിപ്പിച്ചാൽ ഹെർബൽ സ്ക്രബ് ആയി. അഞ്ചു മിനിറ്റ് മസാജ് ചെയ്തശേഷം ചർമം തുടച്ചുണക്കി അൽപം നല്ലെണ്ണയിൽ പച്ചക്കർപ്പൂരം പൊടിച്ചതും ചേർത്തതു പുരട്ടി നന്നായി മസാജ് ചെയ്യുക.