
ഒരു നൂറ്റാണ്ട് മുമ്പ് നടന്ന ഒരു സംഭവമാണ്. അതിബുദ്ധിമാനും അതിപ്രശസ്തനും കോടീശ്വരനുമായ ഒരു ശാസ്ത്രജ്ഞൻ രാവിലെ ചാരുകസേരയിൽ കിടന്ന് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചൂടുചായ ആസ്വദിച്ചു കുടിച്ചുകൊണ്ട് പത്രവായന നടത്തുമ്പോൾ അദ്ദേഹം ചരമപ്പേജ് ഒന്നോടിച്ചുനോക്കി. പെട്ടെന്ന് അദ്ദേഹം ഞെട്ടിപ്പോയി. വെണ്ടക്ക അക്ഷരത്തിൽ തന്റെ മരണവാർത്ത. അതീവകൗതുകത്തോടെയും ഉത്കണ്ഠയോടെയും അദ്ദേഹം ആ വാർത്ത വായിച്ചു.'മരണത്തിന്റെ വ്യാപാരി മരിച്ചു" എന്നായിരുന്നു തലക്കെട്ട്. അടുത്ത ലൈനിൽ ഡൈനാമിറ്റ് രാജാവാണ് മരിച്ചത് എന്നും എഴുതിയിരിക്കുന്നു. മനുഷ്യരെ ഇതിനുമുമ്പ് സാധിക്കാത്ത വിധത്തിൽ വളരെവേഗം കൊല്ലാൻ കഴിയുന്ന ഡൈനാമിറ്റ് കണ്ടുപിടിക്കുകയും അങ്ങനെ അതിസമ്പന്നനായി തീരുകയും ചെയ്ത മരണവ്യാപാരിയുടെ അന്ത്യമാണ് സംഭവിച്ചിരിക്കുന്നത്. വാർത്ത ഇങ്ങനെ തുടർന്നു. 1888ലാണ് ഈ സംഭവം നടക്കുന്നത്.
ജീവനോടെയിരിക്കുന്ന തന്നെ കൊന്നുകളഞ്ഞ പത്രത്തിലേക്ക് അദ്ദേഹം വിളിച്ചു. അപ്പോഴാണ് പത്രക്കാർക്ക് അബദ്ധം പറ്റിയതാണെന്നു മനസിലായത്. മരിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ലുഡ്വിഗ് ആയിരുന്നു. പത്രക്കാർ ക്ഷമാപണം നടത്തി. വാർത്ത തിരുത്തികൊടുത്തു. പക്ഷേ ഈ വാർത്ത അദ്ദേഹത്തെ ചില ആഴമേറിയ ചിന്തകളിലേക്ക് കൊണ്ടുപോയി. തന്നെ അവർ വിശേഷിപ്പിച്ചത് മരണത്തിന്റെ വ്യാപാരി എന്നാണ്. തന്റെ മരണശേഷം ജനങ്ങളുടെ മനസിൽ തന്നെക്കുറിച്ചുള്ള ഓർമ്മ എന്തായിരിക്കും എന്ന് അദ്ദേഹത്തിന് മനസിലായി. അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇങ്ങനെയാണ് ഒരു മനുഷ്യൻ മരണശേഷം ഓർമ്മിപ്പിക്കപ്പെടേണ്ടത്? അങ്ങനെ ഒരു ദുഷ്ടകഥാപാത്രമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടാൽ അത് തന്റെ ജീവിതപരാജയം തന്നെയാണ്. അങ്ങനെ ഓർമ്മിക്കപ്പെടാൻ ആരും ആഗ്രഹിക്കുകയില്ല. തന്നെക്കുറിച്ച് ജനമനസുകളിലുള്ള ധാരണ മാറ്റിയെടുക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. ആരായിരുന്നു ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ മരണവാർത്ത വായിക്കേണ്ടിവന്ന ആ മനുഷ്യൻ എന്നറിയാമോ? ആൽഫ്രഡ് നോബൽ. അതെ! നോബൽ സമ്മാനം ഏർപ്പെടുത്തിയ മഹാൻ തന്നെ. ഡൈനാമിറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ. യുദ്ധത്തിനുള്ള ആയുധങ്ങളിൽ വിപ്ലവം സൃഷ്ടിച്ച ഡൈനാമിറ്റ് അദ്ദേഹത്തെ കോടീശ്വരനാക്കി.
പക്ഷേ, തന്റെ പണവും പദവിയും ശാസ്ത്രജ്ഞവുമൊന്നും മരണത്തിനുശേഷം തുണയാകില്ലെന്ന് അദ്ദേഹത്തിന് മനസിലായി. ജീവിതത്തിലെ മൂല്യങ്ങൾക്കാണ് മരണശേഷവും ജീവിക്കാൻ കഴിയുക എന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. അങ്ങനെ അദ്ദേഹം തന്റെ ജീവിതം ഒരു പുനർചിന്തയ്ക്കു വിധേയമാക്കി. സമാധാനത്തിനും സന്തോഷത്തിനും ഉതകുന്ന ഒരു ജീവിതവീക്ഷണമാണ് ഏറ്റവും പ്രധാനമെന്ന് ആൽഫ്രഡ് നോബൽ മനസിലാക്കി. അങ്ങനെ അദ്ദേഹം ലോക സമാധാനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. യുദ്ധം ആർക്കും വിജയം സമ്മാനിക്കുന്നില്ലെന്നും സമാധാനമാണ് ശാശ്വതമൂല്യമെന്നും അദ്ദേഹത്തിന് വെളിപാടുണ്ടായി.
അങ്ങനെ 1895 നവംബർ 27-ാം തീയതി ആൽഫ്രഡ് നോബൽ തന്റെ വിൽപത്രം തയ്യാറാക്കി. തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും നോബൽ സമ്മാനത്തിനുള്ള എൻഡോവ്മെന്റായി അദ്ദേഹം നീക്കിവച്ചു. മതം, ജാതി, വംശം, ദേശം, ഭാഷ, രാഷ്ട്രം എന്നിവയ്ക്കുപരിയായി ലോകത്തിലെ ഏതൊരു പൗരനും നോബൽ സമ്മാനത്തിന് അർഹതയുണ്ടായിരിക്കും എന്നദ്ദേഹം ദീർഘവീക്ഷണത്തോടെ രേഖപ്പെടുത്തി. ശാസ്ത്രം, സാഹിത്യം, സാമൂഹ്യപ്രവർത്തനം തുടങ്ങി വിവിധമേഖലകളിൽ അതിവിശിഷ്ടമായ സംഭാവനകൾ നൽകുന്നവർക്കുള്ള ഈ പുരസ്കാരം ലോകത്തിലെ ഏറ്റവും മാനിക്കപ്പെടുന്ന അംഗീകാരമാണ്. അങ്ങനെയൊരു ലോകോത്തരപുരസ്കാരം ഏർപ്പെടുത്തുകവഴി നോബലിന്റെ നാമം അനശ്വരമായി. ഡൈനാമിറ്റ് കണ്ടുപിടിച്ച് ആളെക്കൊല്ലാൻ സഹായിച്ച മരണവ്യാപാരി എന്ന് നോബലിനെക്കുറിച്ച് ആരും ഇന്ന് പറയുന്നില്ല. നോബൽ പുരസ്കാരസ്ഥാപകൻ എന്ന പേരിലാണ് ലോകമെങ്ങും അദ്ദേഹം ആദരിക്കപ്പെടുന്നത്. എത്ര നെഗറ്റീവ് ആയ സാഹചര്യത്തിൽ നിന്നുപോലും പോസിറ്റീവ് ചിന്തകൾ കൊണ്ട് നേട്ടം കൊയ്യാമെന്നതിന് നോബലാണ് ഏറ്രവും വലിയ ഉദാഹരണം. മനോഭാവവും പ്രവൃത്തികളും മാറാൻ ഒറ്റക്കാര്യം മാത്രം ചെയ്താൽ മതി. നമ്മുടെ ചരമക്കോളത്തിന്റെ തലക്കെട്ട് എന്തായിരിക്കണമെന്ന ചിന്ത മാത്രം.